കാട്ടിക്കുളം: ദമാമിൽ ജോലി ശരിയാക്കിതരാമെന്ന വ്യാജേനെ യുവതിയിൽ നിന്നും 25000 രൂപ തട്ടിയെടുക്കുകയും പിന്നീട് മുബൈയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കൊല്ലം കുരീപ്പുഴ നടക്കാവിൽ അബ്ദുൾ സലാം (49) നെയാണ് തിരുനെല്ലി എസ്ഐ ബിജു ആന്റണിയും സംഘവും കൊല്ലത്ത് വച്ച് അറസ്റ്റ് ചെയ്തത്.
2006 ൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ സലാം 12 വർഷമായി ഒളിവിലായിരുന്നു. ഇയ്യാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ വിസ തട്ടിപ്പടക്കമുള്ള കേസുകൾ നിലവിലുള്ളതായി സൂചനയുണ്ട്. വയനാട് സ്വദേശിനിയായ യുവതിയോട് ദമാമിൽ ജോലിനൽകാമെന്ന് വാഗ്ദാനം നൽകി 25000 രൂപ വാങ്ങിയെടുക്കുകയും പിന്നീട് മുബൈയിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തതയാണ് പരാതി.
രണ്ടാം പ്രതിയായ തൃശിലേരി മല്ലപ്പള്ളി രത്നമ്മയും മൂന്നാം പ്രതി ഉള്ള്യേരി മാമങ്ങത്ത് മീത്തൽ ഹംസക്കോയയും മുന്പ് ശിക്ഷയനുഭവിച്ചിരുന്നു. ഇവരുടെ സഹായത്തോടെ കൊല്ലം സ്വദേശിയും ഒന്നാം പ്രതിയുമായ അബ്ദുൾ സലാം യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ തിരുനെല്ലി പോലീസ് ിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ രത്ന്നമ്മയും ഹംസയും ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ ഒന്നാം പ്രതി സലാം കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.
ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരത്തോടെ തിരുനെല്ലി പോലീസ് കൊല്ലത്ത് വെച്ച് സലാമിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. തിരുനെല്ലി എസ്ഐ ബിജു ആന്റണി, എഎസ്ഐ അനിൽ, സിപിഒ മാരായ പ്രസാദ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.