കണ്ണൂർ: കീഴാറ്റൂർ വിഷയത്തിൽ കർഷകരുമായി ചർച്ചയ്ക്കു തയാറാവണമെന്നും ബദൽ നിർദേശം ആരായണമെന്നും കിസാൻ സഭ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന അഖിലേന്ത്യാ കിസാൻ സഭയുടെ സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യായമായ സമരമാണു കീഴാറ്റൂരിൽ നടക്കുന്നത്. കർഷകരോട് വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ സർക്കാർ തയാറാവണം.
സമരം ചെയ്യുന്നവരെ മാവോയിസ്റ്റുകളായും തീവ്രവാദികളായും ചിത്രീകരിക്കുന്നതു ശരിയായ നടപടിയല്ല. കീഴാറ്റൂരിൽ സമരം നടത്തുന്നതു കഴുകൻമാരുമല്ല. കൃഷിയിടങ്ങൾ കോർപറേറ്റുകൾക്കു തീറെഴുതുന്ന ബിജെപി കീഴാറ്റൂരിൽ നടത്തിയതു നാടകമാണ്. അതിനെ തുറന്നു കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ പേരിൽ കൃഷിക്കാരെ ആട്ടിയോടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരേ വലിയ തോതിൽ ഇടതുപക്ഷ സംഘടനകൾ സമരത്തിലാണ്. ഭൂമി ഏറ്റെടുക്കൽ നയം നടപ്പിലാക്കിയതു കോൺഗ്രസാണ്. കുന്നുകളും മലകളും തകർത്തുകൊണ്ടുള്ള വികസനം ആവശ്യമില്ല. മണ്ണും കല്ലും ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാമെങ്കിലും വാണിജ്യാവശ്യത്തിനുവേണ്ടി മാർക്കറ്റിലെ ഉത്പന്നങ്ങൾ പോലെ വിറ്റഴിച്ചു ലാഭം കൊയ്യുന്നതു ശരിയല്ല.
സമരം ചെയ്യുന്നവരുമായി ചർച്ച ചെയ്തു പരിഹരിക്കലാണ് എൽഡിഎഫ് നയം. ദളിതരുടെ കാര്യത്തിലും ഇതുതന്നെയാണ് എൽഡിഎഫിന്റെ നയംമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനപ്രസിഡന്റ് എ. പ്രദീപൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി. സി. ചാമുണ്ണി വിഷയാവതരണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ, മഹേഷ് കക്കത്ത്, സി.പി. ഷൈജൻ, കെ.പി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.