വരാപ്പുഴയിലെ ഹര്‍ത്താലിനിടെ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത് സുഹൃത്തിന്റെ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ. കുഞ്ഞിനെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുന്നുകര സ്വദേശി ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
അരമണിക്കൂറോളം റോഡില്‍ തടഞ്ഞുവെച്ച ശേഷമാണ് കുഞ്ഞുമായി പോകാന്‍ അനുവദിച്ചതെന്നും ഷാഫി പറയുന്നു. ‘കുഞ്ഞ് ചത്താലും വേണ്ടില്ല വണ്ടി കടത്തിവിടണ്ട എന്നു പറഞ്ഞു. ഒരാളല്ല കൂട്ടമായിട്ടാണ് തല്ലിയത്. ഭീകരമായിട്ടാണ് തല്ലിയത്. വീഡിയോയില്‍ തന്ന കേള്‍ക്കാം എന്നെ കൊല്ലാനാണ് പറയുന്നത്.’ ഷാഫി പറയുന്നു. തന്നെ ആക്രമിച്ചവര്‍ മദ്യപിച്ചിരുന്നെന്നും ഷാഫി പറഞ്ഞു.
എറണാകുളം ദേശീയ പാതയ്ക്കു സമീപമായിരുന്നു ഷാഫി ക്രൂരമായി ആക്രമിക്കപ്പെട്ടത്. സിസേറിയന്‍ കഴിഞ്ഞ് കടുത്ത ഇന്‍ഫെക്ഷന്‍ ബാധിച്ച സുഹൃത്തിന്റെ ഭാര്യയെയും രോഗം ബാധിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം.