ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നതിന് പുതിയ തെളിവുമായി കോണ്‍ഗ്രസ് രംഗത്ത്. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ പത്നി സീമ ഗോയല്‍ ഉടമയായ കമ്പനി 10 വര്‍ഷംകൊണ്ടു 3,000 ഇരട്ടി വളര്‍ന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പുത്രന് ജയ് ഷായുടെ കമ്പനി വളര്‍ന്ന അതേ മാതൃകയിലാണിതെന്നും ആരോപണത്തില്‍ പറയുന്നു. സീമ ഗോയലിന്റെ ഇന്റര്‍കോണ്‍ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡും വളര്‍ന്നെന്നു പാര്‍ട്ടി വക്താവ് പവന് ഖേര പറഞ്ഞു. മന്ത്രി ഗോയലിനും കുടുംബത്തിനും ബന്ധമുള്ള കമ്പനികള്‍ ബാങ്കുകളില്‍നിന്നെടുത്ത വന്‍ തുകയ്ക്കുള്ള വായ്പകള്‍ കിട്ടാക്കടമായി രൂപപ്പെടുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
ഗോയലിന്റെ കുടുംബത്തിനു ബന്ധമുള്ള ഷിര്‍ദി ഇന്‍ഡസ്ട്രീസ്, യൂണിയന് ബാങ്കില്‍നിന്നു വാങ്ങിയ 651 കോടി രൂപയില്‍ 65 ശതമാനവും എഴുതിത്തള്ളിയ കാര്യവും അവര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.