ഗോള്‍ഡ്കോസ്റ്റ്: ഇന്ത്യയുടെ ഹോക്കി പുരുഷ, വനിത ടീമുകള്‍ സെമിയില്‍. പുരുഷന്മാര് പൂള് ബിയില്‍ 2-1ന് മലേഷ്യയെ തോല്‍പ്പിച്ചാണ് സെമി ഉറപ്പിച്ചത്. വനിതകള്‍ പൂള് എയില്‍ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. രണ്ടു പെനാല്‍റ്റി കോര്‍ണറുകള്‍
വലയിലാക്കി ഹര്‍മന്‍പ്രീത് സിംഗാണ് (3, 44 മിനിറ്റുകള്‍) ഇന്ത്യയുടെ ഗോള്‍ സ്കോറര്‍. ഫയ്സല്‍ സാരി (16-ാം മിനിറ്റ്) രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തിരിച്ചടിച്ച് മലേഷ്യയെ ഒപ്പമെത്തിച്ചു. മൂന്നു മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലെത്തുന്നത്.
മത്സരത്തില്‍ ഇന്ത്യ മികച്ച തുടക്കമാണിട്ടത്. ലഭിച്ച ആദ്യ പെനാല്‍റ്റി കോര്‍ണര്‍ തന്നെ ഗോളാക്കി ഹര്‍മന്‍പ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടാം ക്വാര്‍ട്ടറിനു തുടക്കത്തില്‍ തന്നെ മലേഷ്യ സമനില നേടി. ഇന്ത്യന്‍ പ്രതിരോധത്തെ വെട്ടിച്ചു കടന്ന ഫയ്സലിന് ലഭിച്ച പാസ് ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ് മാത്രം മുന്നില്‍നില്‍ക്കേ അനായാസം വലയിലാക്കാനായി.
മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ വലയിലേക്ക് തിരിച്ചുവിട്ട് ഹര്‍മന്‍പ്രീത് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. വനിതകളുടെ പൂള് എയിലെ അവസാന മത്സരത്തില്‍ 47-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ നേടിയ ഗോളിലാണ് ഇന്ത്യയുടെ ജയം. പോയിന്റ് നിലയില്‍ ഒമ്പത് പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇത്രതന്നെ പോയിന്റുള്ള ഇംഗ്ലണ്ടുമായി ഗോള്‍ ശരാശരിയിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്തായത്.