പത്തനംതിട്ട: പണപ്പിരിവും വ്യക്തിപൂജയുമാണ് സിപിഎമ്മിൽ നടക്കുന്നതെന്ന് വി.കെ. പുരുഷോത്തമൻ പിളള പത്രസമ്മേളനത്തിൽ ആരോപിച്ചു. സിപിഐയിൽ ചേർന്നതായി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച അദ്ദേഹം സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനും ജില്ലയുടെ ചുമതലയുളള സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. ജെ. തോമസിനുമെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു.
സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവും കർഷകസംഘം ജില്ലാ സെക്രട്ടറിയുമായ വി.കെ.പുരുഷോത്തമൻ പിളള ഇനി സിപിഎമ്മിൽ തുടരില്ലെന്നും കമ്യൂണിസ്റ്റ് ആശയങ്ങളോടു യോജിച്ചു പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞു. സിപിഐയുടെ സാധാരണ പ്രവർത്തകനായി തുടർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ സിപിഎം ജില്ലാ സമ്മേളനത്തിൽ അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. 1968ലാണ് പാർട്ടി അംഗമായത്. ലോക്കൽ, ഏരിയാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിക്കുവേണ്ടി സഹകരണ സംഘങ്ങളിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചെടുത്തു.
ഇപ്പോൾ ആശുപത്രിയുമില്ല, പണവുമില്ല. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന്റെ ചെലവിനായി 36ലക്ഷം രൂപ പിരിച്ചെടുത്തു. ചെലവെത്രയായെന്നോ ബാക്കിയെത്രയെന്നോ ആർക്കുമറിയില്ല. ജില്ലാ നേതൃത്വം നാലുപേരടങ്ങുന്ന കോക്കസിന്റെ കൈയിലാണ്. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെപ്പോലെ കേമനാണ് താനെന്നു വരുത്തി തീർക്കാൻ വ്യക്തി പൂജയിൽ ആറാടി രസിക്കുകയാണ് ഉദയഭാനുവെന്നും പുരുഷോത്തമൻപിള്ള കൂട്ടിച്ചേർത്തു.
ജില്ലയിൽ സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിനൊപ്പം സെക്രട്ടറിയുടെ ഫോട്ടോ പതിച്ച ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇതിനെ വിമർശിച്ചതിനാണ് തന്നെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയത്.
വൈകൃതങ്ങൾ നിറഞ്ഞ നേതൃത്വത്തെ സഹിക്കേണ്ടി വരുന്ന ജില്ലയിലെ സഖാക്കളുടെ വേദനയാണ് തന്റെ പ്രതിഷേധത്തിലൂടെ പുറത്തുവന്നതെന്നു പുരുഷോത്തമൻ പിള്ള പറഞ്ഞു.ജില്ലാ നേതൃത്വത്തിനെതിരെ സംസ്ഥാന കമ്മിറ്റിക്കു താൻ പരാതി നൽകിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് ഒന്നുമുണ്ടായില്ലെന്ന് പുരുഷോത്തമൻ പിളള പറഞ്ഞു.
വി. കെ. പുരുഷോത്തമൻ പിള്ളയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സിപിഎം
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗമായ വി. കെ. പുരുഷോത്തമൻപിള്ളയെ സംഘടനാ വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു. പാർട്ടി ജില്ലാ കമ്മിറ്റിയംഗമായിരിക്കെ പലപ്പോഴും പാർട്ടി പ്രവർത്തനം ഉപേക്ഷിച്ചു പോകുകയും നിരവധി തവണ രാജിക്കത്ത് നൽകുകയും ചെയ്തയാളാണ് പുരുഷോത്തമൻപിള്ള.
ഒരു സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനുണ്ടാകേണ്ട സംഘടനാ ധാരണകളോ പ്രവർത്തന മികവോ ഇല്ലാത്തതിനാലാണ് 300ലേറെ പ്രതിനിധികൾ പങ്കെടുത്ത് തിരുവല്ലയിൽ ചേർന്ന പാർട്ടി ജില്ലാ സമ്മേളനം ഇദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതെന്നും സെക്രട്ടറി കെ.പി. ഉദയഭാനു അറിയിച്ചു.