ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടാകുന്ന തർക്കങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്ന അനാവശ്യ പ്രവണത രോഗികളോടൊപ്പം വരുന്നവരിൽ നിന്നുണ്ടാകുന്നു എന്നു പരാതി. രോഗിയോടൊപ്പം വരുന്നവർ ജീവനക്കാരുടെ ചിത്രം മൊബൈൽ ഫോണിൽപകർത്തുന്നത് സ്ഥിരം സംഭവമായി എന്നാണ് ജീവനക്കാരുടെ പരാതി.
വാർഡുകളിൽ ചികിത്സാ സംബന്ധമായി എന്തെങ്കിലും തർക്കം ഉണ്ടായാൽ ഉടൻ തന്നെ ചിലർ ജീവനക്കാരുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തും. മാസങ്ങൾക്ക് മുൻപ് പുലർച്ചെ രണ്ടു മണിക്ക് അത്യാഹിത വിഭാഗത്തിൽ ഡ്യുട്ടി ചെയ്തിരുന്ന ഒരു വനിതാ ഡോക്ടർ ഉറങ്ങിയിരിക്കുന്ന ഫോട്ടോ മൊബൈൽ പകർത്തിയ സംഭവമുണ്ടായി.
കഴിഞ്ഞ ദിവസം എക്സ്റേ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരു വനിതാ ജീവനക്കാരിയുടെയും അഡ്മിഷൻ കൗണ്ടർ ജീവനക്കാരുടെയും ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയെന്നു പരാതിയുണ്ട്. എക്സ്റേ വിഭാഗത്തിൽ തൂത്തുവാരിക്കൊണ്ടിരുന്ന ജീവനക്കാരിയുടെ ഫോട്ടോയെടുത്തത് ഒരാളുടെ ദേഹത്ത് അഴുക്കു വീണു എന്നു പറഞ്ഞാണ്.
ഇതേ ചൊല്ലി വാക്കു തർക്കമുണ്ടായി. ഈ സംഭവത്തിൽ ജീവനക്കാരി ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി. തിങ്കളാഴ്ച രാവിലെ 11ന് കോട്ടയത്ത് നിന്നും ഒരു രോഗിയുമായെത്തിയ യുവാവ് അഡ്മിഷൻ കൗണ്ടർ ജീവനക്കാരുടെ ഫോട്ടോ മൊബൈലിൽ പകർത്തി. അഡ്മിഷൻ കൗണ്ടറിൽ നിന്നും കേസ് ഷീറ്റ് (രോഗവിവരം എഴുതു ന്ന ബുക്ക് )കിട്ടാൻ ഒരു മണിക്കൂർ ക്യു നിന്നു വെന്നതാണ് ഫോട്ടോയെടുക്കാൻ കാരണം.