ചങ്ങനാശേരി: കഞ്ചാവ് വില്പന ചോദ്യംചെയ്ത ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. നാലുകോടി പുന്നുചിറി വാലടിത്തറയിൽ അന്പിളിക്കുട്ടൻ (24), അയ്യരുകുളങ്ങര ചെല്ലുവേലിൽ സനീഷ് ചന്ദ്രൻ (34), പാലത്തുരുത്ത് ഇല്ലത്തുപറന്പ് രഞ്ജിത്ത് (24), ചാമക്കാലായിൽ ശ്യാംകുമാർ (30), ചാമക്കാലായിൽ ശരത്ത് (25), വാലടിത്തറ ജിത്തുപ്രസാദ് (25) എന്നിവരാണ് അറസ്റ്റിലായത്.
ഇടുക്കി കോഴിമല വനത്തിൽ രഹസ്യമായി കഴിഞ്ഞിരുന്ന ഇവരെ ഇന്നലെ തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്. തൃക്കൊടിത്താനം വേഷ്ണാൽ ഭാഗത്ത് അനിൽഭവനിൽ അനിൽ എന്നയാളെയാണ് സംഘം കഴിഞ്ഞ വെള്ളിയാഴ്ച വെട്ടിപരിക്കേൽപിച്ചത്.
അക്രമിസംഘം വീട്ടിലെത്തിയപ്പോൾ പ്രാണരക്ഷാർഥം ഓടി സമീപത്തെ വീട്ടിൽ കയറിയ അനിലിനെ അവിടെവച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനു ശേഷം ഇടുക്കിയിലേക്ക് സംഘം രക്ഷപ്പെടുകയായിരുന്നു.
പ്രതികളുടെ സുഹൃത്തായ ചങ്ങനാശേരി പറാൽ സ്വദേശിയെ പോലീസ് ചോദ്യംചെയ്തതിൽനിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇടുക്കിയിൽനിന്നു കഞ്ചാവ് എത്തിച്ച് തൃക്കൊടിത്താനം മേഖലയിൽ വിതരണം ചെയ്യുകയും. അടിപിടി, ക്വട്ടേഷൻ ഇടപാടുകളും നടത്തുന്ന സംഘമാണ് അറസ്റ്റിലായത്.