കൊച്ചി: കാലാവധി കഴിഞ്ഞതും പഴകിയതുമായ മിഠായികൾ ഉപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ പിടികൂടിയ നെട്ടൂരിലെ കാർവാർ അലയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപത്തിന് ഒരു ലക്ഷം രൂപ പിഴ. ഭക്ഷ്യ സുരക്ഷാ വിഭാഗമാണു സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. ഇതിനുപുറമെ സ്ഥാപനത്തിലെ ജീവനക്കാരായ വിജയകുമാർ (42), രമേഷ് (38), പ്രമോച്ചു (28) എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
സ്ഥാപന ഉടമയെ ഒഴിവാക്കി പോലീസ് കേസെടുത്തിനെതിരേ ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തിൽ ഇന്നലെ ഉച്ചയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗവും പോലീസും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. നശിപ്പിക്കുന്നതിനുള്ള സാധനങ്ങളുടെ സ്റ്റോക്ക് എടുക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പഴകിയ മിഠായികൾ ഉൾപ്പടെയുള്ളവ സ്ഥാപനത്തിൽനിന്നു നീക്കംചെയ്യും.
നരസഭയുടെ മേൽനോട്ടത്തിൽ ഇവ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെത്തിച്ച് കത്തിച്ചു കളയുവാനാണു ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദേശം നൽകിയിരിക്കുന്നത്. ലൈസൻസ് റദാക്കുന്നതിനാൽ സ്ഥാപനത്തിന് ഇനി തുറന്നു പ്രവർത്തിക്കാൻ കഴിയില്ല. ഗോഡൗണിൽനിന്നു പഴകിയ മാൾട്ടോ വിറ്റ, ചോക്ലേറ്റുകൾ, കേക്കുകൾ, ബിസ്ക്കറ്റുകൾ, കിറ്റ് കാറ്റ്, പാൽപ്പൊടി, അരിപ്പൊടി, ആട്ട എന്നിവയാണു കണ്ടെത്തിയിരുന്നത്.