അടിമാലി: കാർഷിക-ജനകീയ പ്രശ്നങ്ങൾക്കു പരിഹാരം തേടിയും മൂന്നാർ ട്രൈബൂണൽ ഏരിയായിലെ നിർമാണ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് മുൻ എംപി അടിമാലി കൂന്പൻപാറയിൽ 48 മണിക്കൂർ ഉപവാസസമരം ആരംഭിച്ചു. യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖല ഭദ്രാസനം മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു.
ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾ തയാറാകാത്തത് ജന്മാവകാശം നിഷേധിക്കുന്നതിനു തുല്യമാണെന്നും ജനദ്രോഹ നിയമങ്ങൾ ജനങ്ങൾക്കു പ്രയോജനപ്പെടുന്ന രീതിയിൽ മാറ്റംവരുത്തി നടപ്പാക്കുന്നതിന് സർക്കാരുകൾ തയാറാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിന്റെ പരിധിയിൽപ്പെടുന്ന എട്ടു വില്ലേജുകളിൽ തലമുറകളായി നിയമപരമായി കുടിയേറിപ്പാർക്കുന്ന സാധാരണ ജനങ്ങൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയാത്ത അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക, നിർമാണ നിരോധനം പിൻവലിക്കുക, മൂന്നാർ ട്രൈബ്യൂണൽ പിരിച്ചുവിടുക, കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് അനുവാദം നൽകുക, ഭൂപ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവർക്കും പട്ടയം നൽകുക, വന്യജീവികളിൽനിന്നു ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, ജില്ലയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന കണികാപരീക്ഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് സമരം തുടങ്ങിയിട്ടുള്ളത്.
ഉദ്ഘാടന യോഗത്തിൽ പാർട്ടി ജില്ലാപ്രസിഡന്റ് നോബിൾ ജോസഫ് അധ്യക്ഷതവഹിച്ചു. പാർട്ടി ഡപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ് എക്സ് എംഎൽഎ ആമുഖപ്രസംഗം നടത്തി. കാർഷിക, ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നതുവരെ ജനാധിപത്യ കേരള കോണ്‍ഗ്രസ് സമരങ്ങൾ തുടരുമെന്ന് ഉപവാസസമരം നടത്തുന്ന പാർട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പറഞ്ഞു.
സംസ്ഥാന നേതാക്കളായ വക്കച്ചൻ മറ്റത്തിൽ മുൻ എംപി., എം.പി. പോളി, മാത്യു സ്റ്റീഫൻ മുൻ എംഎൽഎ, ജോസ് വള്ളമറ്റം, ഏലിയാസ് സക്കറിയ, ജോർജ് അഗസ്റ്റിൻ, ബേബി പതിപ്പള്ളി, ആന്റണി ആലഞ്ചേരി, ജോസ് പൊട്ടംപ്ലാക്കൽ, ഫ്രാൻസിസ് തോമസ്, തോമസ് കുന്നപ്പള്ളി, ജോസ് പാറേക്കാട്ട്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സമരസമിതി ജനറൽ കണ്‍വീനർ, ജോസ് പുല്ലൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മൈക്കിൾ ജയിംസ്, കെടിയുസി സംസ്ഥാന പ്രസിഡന്റ് കൊച്ചറ മോഹനൻ നായർ, വനിതാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജുമനിഷ ചന്ദ്രബോസ്, ജാൻസി ബേബി, പാർട്ടി സംസ്ഥാന കമ്മറ്റിയംഗം മാത്യൂസ് തെങ്ങുംകുടി, ബെന്നി കോട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.എസ്. രാജേന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് മെംബർ ഇൻഫന്റ് തോമസ്, ഫാ. എൽദോസ് കൂറ്റപ്പാല, ജഐസ്എസ്. ജില്ലാ സെക്രട്ടറി പി.സി. ജയൻ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് പ്രസംഗിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റുമാരായ കെ. രാജു, രാജു നെടുവംപുറം, മാത്യൂസ് ജോർജ്, എ.ടി. ജയിംസ്, ഷൈസണ്‍ മാങ്ങുഴ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ പ്രവർത്തകർ അഭിവാദ്യങ്ങളർപ്പിച്ചു. തൊമ്മൻകുത്ത് ജോയി കവിത ചെല്ലി.