ഭൂരഹിതരായ ആയിരക്കണക്കിന് ആദിവാസികള്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ട് നഷ്ടപ്പെടാന്‍ പോകുന്നത് ഒന്നേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി. ഹാരിസണിന്റെ 38000 ഏക്കര്‍ ഭൂമിയുള്‍പ്പെടെ കേരളത്തിലുള്ള വന്‍കിടക്കാര്‍ ഏകദേശം ഒന്നേകാല്‍ ലക്ഷം ഭൂമിയാണ് അനധികൃതമായി കൈവശം വച്ചിരിക്കുന്നത്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഹാരിസണിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാത്തതിനെതിരേ ഘോരഘോരം പ്രസംഗിച്ച ഇടതുപക്ഷം ഭരണത്തിലേറിയപ്പോള്‍ നേര വിപരീത പ്രവര്‍ത്തനമാണ് നടത്തിയത്.
ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നും ഉണ്ടായ വിധി വെളിവാക്കുന്നത് എല്‍ഡിഎഫിന്റെ ഇരട്ടത്താപ്പാണ്. നിയമസെക്രട്ടറി ഹാരിസണ് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയും കേസ് ശരിക്കും പഠിച്ച് വാദിച്ചു കൊണ്ടിരുന്ന സുശീല ഭട്ടിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയും സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയുടെ വിജയമാണ് ഇപ്പോള്‍ ഉണ്ടായത്.
ഹാരിസണ് അനുകൂലമായ വിധി വന്നതോടെ കേരളത്തില്‍ വന്‍കിടക്കാര്‍ കൈവശം വെക്കുന്ന ഒന്നേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിയുടെ കാര്യത്തിലും തീരുമാനമായി. കേസില്‍ തുടക്കം മുതല്‍ കള്ളക്കളിയാണ് നടന്നത്.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഹാരിസണിനെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്നു. അതുകൊണ്ടാണ് സുശീല ഭട്ടിനെ കേസ് വിശദമായി പഠിച്ചു കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചത്. അങ്ങനെ സുശീലാ ഭട്ട് കേരളത്തിന്റെ അഭിഭാഷകയായി. ഇതോടെ കേസുകളെല്ലാം കേരളം ജയിക്കാന്‍ തുടങ്ങി. എല്ലാ ഭൂമിയും നഷ്ടമാകുമെന്ന ഭയം ഹാരിസണു വരികെയും ചെയ്തു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും വിവാദം ഭയന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സുശീലാ ഭട്ടിനെ മാറ്റിയില്ല. എന്നാല്‍ പിണറായി സര്‍ക്കാരില്‍ സിപിഐയ്ക്കാണ് റവന്യൂ വകുപ്പ്. ആദ്യം തന്നെ ഹാരിസണ്‍ കേസില്‍ നിന്ന് ഇടത് പക്ഷം നേരത്തെ നിയമിച്ച അഭിഭാഷകനെ മാറ്റി. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കാനം രാജേന്ദ്രനും ഈ നീക്കത്തെ അനുകൂലിച്ചു.
പകരം പരിഗണിച്ചതാവട്ടെ ഹാരിസണിന്റെ സ്വന്തം ആളായ രഞ്ജിത് തമ്പാനെയും, ഇത് ചര്‍ച്ചയായതോടെ രഞ്ജി്ത് കേസില്‍ നിന്ന് മാറി. സ്‌റ്റേറ്റ് അറ്റോര്‍ണിയായ കെ വി സോഹനെ കേസ് ഏല്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ തീരുമാനിച്ചേക്കുമെന്നും വാര്‍ത്ത പരന്നു. സോഹനും ഹാരിസണിന്റെ കേസുകള്‍ വാദിച്ചയാളാണ്.
പത്തനംതിട്ട കോടതിയില്‍ ഹാരിസണ്‍ ഭൂമി സ്വകാര്യവ്യക്തിയുടേതാണെന്ന് വാദിച്ചയാളായിരുന്നു സോഹന്‍.തോട്ടം മേഖലയില്‍ കമ്പനികള്‍ ഏഴ് ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. പത്തനംതിട്ട കോടതിയില്‍ ഉണ്ടായിരുന്ന 2989/11 നമ്പര്‍ കേസിലാണ് സോഹന്‍ ഹാജരായത്. ഇത് സോഹനും സമ്മതിക്കുന്നുണ്ട്.
ഇങ്ങനെ സ്റ്റേറ്റ് അറ്റോര്‍ണി സര്‍ക്കാരിനായി വാദിക്കാനെത്തിയാല്‍ എങ്ങനെ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുമെന്നാണ് എന്ന ചോദ്യം ഉയര്‍ന്നു. ഇതോടെ കേരളത്തിന് പുറത്തുനിന്നും അഭിഭാഷകനെ എത്തിച്ചാണ് സര്‍ക്കാര്‍ കേസില്‍ ഹൈക്കോടതിയില്‍ വാദം നടത്തിയത്.
ഇതിനിടെ നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതും ഹാരിസണ് അനുകൂലമായി. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍ അനധികൃത കയ്യേറ്റമല്ലെന്നും ഇത്തരത്തില്‍ കണക്കാക്കി നിയമ നിര്‍മാണം നടത്തിയാല്‍ അത് ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാകുമെന്നും ആണ് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
ടാറ്റ, ഹാരിസണ്‍ ഗ്രൂപ്പുകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന എംജി രാജമാണിക്യം റിപ്പോര്‍ട്ടിനെ തള്ളിയാണ് നിയമവകുപ്പ് രംഗത്ത് എത്തിയിരുന്നത്. ഭൂമി ഏറ്റെടുക്കലിന് രാജമാണിക്യം റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നും പുതിയ കമ്മീഷനെ നിയമിക്കുമെന്നും നിയമ വകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സംസ്ഥാനത്ത് 75,000 ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡ് വിദേശ കമ്പനിയുടെ ബിനാമിയാണെന്ന് രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
1921ല്‍ രൂപീകരിച്ച മലയാളം പ്ലാന്റേഷന്‍ (യുകെ) ലിമിറ്റഡ് ആണ് തങ്ങളുടെ പൂര്‍വ കമ്പനിയെന്നും 1978ല്‍ ഇന്ത്യന്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) കമ്പനിക്ക് ആസ്തി വകകള്‍ കൈമാറ്റം ചെയ്തുവെന്നുമാണ് ഹാരിസണ്‍സ് പറയുന്നത്.
മറ്റൊരു ട്രേഡിങ് കമ്പനിയായ ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്ഫീല്‍ഡ് (ഇന്ത്യ) ലിമിറ്റഡ് (മുന്‍പ് ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി) മായി ഹൈക്കോടതി അംഗീകാരത്തോടെ മലയാളം പ്ലാന്റേഷന്‍ (ഇന്ത്യ) ലിമിറ്റഡ് ലയിക്കുകയും 1984ല്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് രൂപീകൃതമാവുകയും ചെയ്തുവത്രേ. എന്നാല്‍ 1977ല്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിങ്‌സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പിയായാണ് ഹാരിസണ്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇപ്പോള്‍ രാജമാണിക്യം കണ്ടെത്തിയിക്കുന്നത്.
മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിങ്‌സ്) ലിമിറ്റഡ് എന്ന വിദേശ കമ്പനി 2014ല്‍ ഇംഗ്ലണ്ടില്‍ സമര്‍പ്പിച്ച വാര്‍ഷിക റിട്ടേണ്‍ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആസ്തികളില്‍ ഹാരിസണിന്റെ കൈവശമുള്ള കേരളത്തിലെ 75,000 ഏക്കര്‍ തോട്ടഭൂമിയും ഉള്‍പ്പെടുന്നു. 1977ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയെ നിയന്ത്രിക്കുന്ന മുഖ്യകമ്പനി ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ചാനല്‍ ഐലന്റ് ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ആമ്പിള്‍ടൗണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്നതാണ്.
ആന്റണി ഗിന്നസ് എന്ന വിദേശിയുടെ നിയന്ത്രണത്തിലാണ് കമ്പനി. മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിങ്‌സ്) ലിമിറ്റഡ് സൂചിപ്പിച്ചിരിക്കുന്ന ആസ്തിവകകളില്‍ കേരളത്തിലെ ഹാരിസണ്‍ ഭൂമിക്കു പുറമെ ഇന്ത്യന്‍ വ്യവസായി സഞ്ജയ് ഗോയങ്ക ഡയറക്ടറായ സെന്റിനെല്‍ ടീ ആന്‍ഡ് എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡിന്റെ ആസ്തികളും പെടുന്നു.
മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിംഗ്‌സ്) എന്ന വിദേശ കമ്പനിയിലെ ഏക ഇന്ത്യന്‍ ഡയറക്ടറായിരുന്ന ഗോയങ്ക ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡിലുമില്ല. വിദേശകമ്പനികള്‍ക്ക് ഫെറ നിയമപ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാവില്ല.
കേരളത്തിലെ തോട്ടഭൂമി ആസ്തിയായി ഇംഗ്ലണ്ടില്‍ വര്‍ഷാവര്‍ഷം കണക്ക് കാണിക്കുന്ന വിദേശ കമ്പനിയുടെ ബിനാമി കമ്പനിയാണ് ഹാരിസണ്‍ എന്നതിലേക്കാണ് രേഖകള്‍ വിരല്‍ ചൂണ്ടുന്നത്. എന്തായാലും കോടതി വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ കളി നടന്നിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍.