കോട്ടയം: കോട്ടയം അടക്കം അഞ്ചു റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനാണ് പദ്ധതിയെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി. ഇന്നലെ അദേഹം കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. മുപ്പതു കോടി രൂപ മുടക്കിയാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്.
അൻപതു ലക്ഷത്തോളം ശബരിമല തീർഥാടകരെത്തുന്ന മധ്യകേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവെ സ്റ്റേഷൻ പരിമിതികളിൽ വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് അടിയന്തരമായ കേന്ദ്രസഹായം മന്ത്രി വാഗ്ദാനം ചെയ്യുന്നത്. നവീകരണത്തിന്റെ ഭാഗമായി നിലവിലെ ഗുഡ്ഷെഡ് ഭാഗത്ത് രണ്ടാമതൊരു പ്രവേശന കവാടം നിർമിക്കും. പുതിയ കവാടം, പ്ലാറ്റ്ഫോം, എക്സ്കലേറ്റർ, വിശ്രമമുറി, അടുക്കള എന്നിവയെല്ലാം നവീകരണത്തിനു വിധേയമാക്കും.
നവീകരണത്തിനു രൂപരേഖ തയാറാക്കാൻ വൈകാതെ കണ്സൾട്ടിംഗ് ഏജൻസിയെ നിയമിക്കും. സ്റ്റേഷൻ പൂർണമായി പരിശോധിച്ചശേഷം ആവശ്യങ്ങൾ ഏതൊക്കെയെന്നു കണ്ടറിഞ്ഞ് ആധുനിക രീതിയിലേക്ക് സ്റ്റേഷൻ മാറ്റും വിധമുള്ള രൂപരേഖയാണ് ഏജൻസി തയാറാക്കുക. റിപ്പോർട്ട് ലഭിച്ചാലുടൻ റെയിൽവേ ബോർഡിന്റെ അനുമതിയോടെ സാന്പത്തിക വർഷം തന്നെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഗുഡ് ഷെഡ് മാറ്റുന്നതിനെക്കുറിച്ചു റെയിൽവേ അധികൃതരോടു സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്തിനൊപ്പം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഈ വർഷം 15-20 കോടി രൂപയുടെ വികസനം നടപ്പിലാക്കും. അടുത്ത സാന്പത്തിക വർഷം 80-100 കോടി രൂപ ചെലവിൽ നിലവിലെ റെയിൽവേ സ്റ്റേഷൻ പൊളിച്ച് ആധുനിക രീതിയിൽ പുതിയ സ്റ്റേഷൻ നിർമിക്കും. എറണാകുളം, കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകളും 15-20 കോടി രൂപ മുതൽമുടക്കിൽ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നായി ദിവസം പതിനായിരം യാത്രക്കാർ കോട്ടയം റെയിൽവെ സ്റ്റേഷനെ പതിവായി ആശ്രയിക്കുന്നുണ്ട്. ശബരിമല സീസണിൽ മാത്രം 60 സ്പെഷൽ ട്രെയിനുകളും കോട്ടയത്ത് എത്തുന്നു. ഒരേ സമയം 200 യാത്രക്കാർക്കുള്ള ഇരിപ്പിടമേ സ്റ്റേഷനിലുള്ളു. കാലപ്പഴക്കത്താൽ ചോരുന്ന മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ പ്ലാറ്റ്ഫോമുകളും ദുർഗന്ധം വമിക്കുന്ന ശൗചാലയങ്ങളുമൊക്കെയായി പരിമിതികളിൽ വീർപ്പുമുട്ടുകയാണ് കോട്ടയം റെയിൽവെ സ്റ്റേഷൻ.
സ്റ്റേഷനിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വികസന പ്രവർത്തനങ്ങളുടെ രൂപരേഖ ചർച്ച ചെയ്തു. തുടർന്നു സ്റ്റേഷനിലെ വിശ്രമമുറി, കാന്റീൻ, അടുക്കള എന്നിവിടങ്ങളിൽ പരിശോധന നടത്തി. കാന്റീനിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചാണു മന്ത്രി മടങ്ങിയത്.
റെയിൽവേ ബോർഡ് ഡയറക്ടർ വിവേക് സക്സേന, എക്സിക്യൂട്ടീവ് എൻജിനിയർ സന, ഉദ്യോഗസ്ഥരായ പ്രിയംവദ, പ്രകാശ് തുടങ്ങിയവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു. സ്റ്റേഷൻ മാനേജർ രാജൻ നൈനാൻ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി തുടങ്ങിയവർ അൽഫോൻസ് കണ്ണന്താനത്തെ സ്വീകരിച്ചു.