കൊല്ലം: ഒന്പത് മക്കളെ പ്രസവിച്ചു വളർത്തിയെങ്കിലും വയസുകാലത്ത് ആരോരും നോക്കാനില്ലാതെ ജീവിതം തള്ളിനീക്കിയ സുമതിയമ്മയെ ഏറ്റെടുക്കാൻ സന്നദ്ധസംഘടനകളും അനാഥാലയങ്ങളും മുന്നോട്ടുവന്നു. ആദിച്ചനല്ലൂർ പ്ലാക്കാട് ആനന്ദവിലാസത്തിൽ സുമതിയമ്മ(85)ആണ് ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ജീവിതം തള്ളിനീക്കുന്ന വാർത്ത ദീപിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
തകർന്നു വീഴാറായ വീട്ടിൽ ഇവർ ജീവിതം തള്ളിനീക്കുന്ന ദയനീയമായ വാർത്തയാണ് സംഘനകളെ കരളലിയിച്ചത്. ഇവരെ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങൾ സംഘടനകൾ നടത്തിവരികയാണ്. അയൽക്കാർ നൽകുന്ന ഭക്ഷണമാണ് സുമതിയമ്മയുടെ ജീവൻ നിലനിർത്തുന്നത്. ഒന്പത് മക്കളുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കൾ മരണപ്പെട്ടിരുന്നു.
ബാക്കിയുള്ള ഏഴ് മക്കളും പല സ്ഥലങ്ങളിൽ കുടുംബജീവിതം നയിച്ചുവരുന്നവരാണ്. നാല് ആൺമക്കളും മൂന്ന് പെൺമക്കളുമാണ് ഇപ്പോൾ ഇവർക്കുള്ളത്. ഭർത്താവ് നേരത്തെ മരിച്ചുപോയി. മക്കൾക്കെല്ലാ ഓഹരി നേരത്തെ കൊടുത്തിരുന്നു.
സുമതിയമ്മയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലത്തെ ഇടിഞ്ഞു വീഴാറായ ചെറിയ വീട്ടിലാണ് ഇപ്പോൾ താമസം. പ്രായാധിക്യത്താൽ ഇപ്പോൾ ഓർമക്കുറവും ഉണ്ട്. മുറിയിലാകെ കരിയിലകൾ വാരിക്കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയും ഇവിടെ കാണാം.
മാതാവിനെ സംരക്ഷിക്കാത്ത മക്കൾക്കെതിരേ നടപടി ആവശ്യപ്പെട്ടും ഇവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും സാമൂഹ്യപ്രവർത്തകർ ആണ് ആദ്യം രംഗത്ത് വന്നത്. തുടർന്നാണ് ദീപിക വാർത്ത പ്രസിദ്ധീകരിച്ചത്.