മഞ്ജു വാര്യർ കട്ട മോഹൻലാൽ ഫാനായി വേഷമിട്ട ചിത്രമാണ് മോഹൻലാൽ. ആരാധകർ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ചിത്രത്തിലെ വാവാവോ… എന്നു തുടങ്ങുന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വൻ സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചത്. ഈ ഗാനം ആലപിച്ചത് നടി നിത്യാ മേനോൻ ആണ്. ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ നിത്യ പാടിയ പാട്ടാണിത്.
അമ്മ കുഞ്ഞിനു വേണ്ടി പാടുന്ന ഏറെ വികാര തീവ്രതയുള്ള ഗാനത്തിന്റെ സംഗീത സംവിധായകൻ ടോണി ജോസഫാണ്. പാട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ ശബ്ദത്തിന് യോജിച്ചതാണെന്നും എനിക്ക് തോന്നുന്നു. എന്റെ ശബ്ദം ഇതിന് ചേരുമെന്ന് തോന്നിയ ടോണിയോട് നന്ദിയുണ്ട്.
ഈ ഗാനം വളരെ സിംപിളാണ്. എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി അത് മാറിയിരിക്കുന്നു.അമ്മ കുട്ടിയെക്കുറിച്ച് പാടുന്ന പാട്ടാണ്. വികാരങ്ങൾ ഉൾക്കൊള്ളിച്ച് പാടേണ്ടതു കൂടിയാണ്. അതുകൊണ്ടു തന്നെ വളരെ സന്തോഷമുണ്ട്- നിത്യാ മേനോൻ പറയുന്നു.
പാട്ടിനെക്കുറിച്ച് പറയുന്ന വീഡിയോയിലാണ് നിത്യയുടെ ഈ പ്രതികരണം. മലയാളത്തിനു പുറമെ കന്നഡ, തമിഴ് ഭാഷാ സിനിമകളിലും നിത്യാ മേനോൻ പാട്ടുകൾ പാടിയിട്ടുണ്ട്. മലയാളത്തിൽ റോക്ക്സ്റ്റാർ, പോപ്പിൻസ് തുടങ്ങിയ ചിത്രങ്ങളിലെ വരികൾക്കും നിത്യ ശബ്ദം നൽകിയിരുന്നു.