ആലപ്പുഴ: സെറിബ്രൽ പൾസി രോഗം ബാധിച്ച മകനെ നോക്കാൻ നഴ്സിന് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ജീവനക്കാരിയെ പിരിച്ചുവിട്ട ആശുപത്രിക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ആലപ്പുഴ ജില്ല ലേബർ ഓഫീസറും ആശുപത്രി അധിക്യതരും ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. കായംകുളത്തെ സ്വകാര്യാശുപത്രിയാണ് കായംകുളം സ്വദേശിനി എസ്. ബിനീതയെ പിരിച്ചുവിട്ടത്. ഒരു ഓണ്‍ലൈൻ മാധ്യമം നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി.
ബിനീതക്ക് പകൽ ജോലി നൽകണമെന്ന് കമ്മീഷൻ ആലപ്പുഴ ജില്ലാ ലേബർ ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. ബിനീത ജോലിക്ക് പോകുന്പോൾ 12 വയസുള്ള മകനെ നോക്കിയിരുന്നത് അമ്മയാണ്.
പ്രായാധിക്യം കാരണം അമ്മയ്ക്ക് മകനെ നോക്കാൻ സാധിക്കാതെ വന്നപ്പോഴാണ് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചത്. ഓട്ടോഡ്രൈവറാണ് പരാതിക്കാരിയുടെ ഭർത്താവ്. കേസ് ആലപ്പുഴയിൽ പരിഗണിക്കും.