മൂവാറ്റുപുഴ: നഗരസഭാ കംഫർട്ട് സ്റ്റേഷനുള്ളിൽ ആളു കയറിയതറായിതെ നടത്തിപ്പുകാരൻ വാതിൽ പൂട്ടി സ്ഥലം വിട്ടു. അകത്തുകയറിയയാൾ അര മണിക്കൂറോളം ഉള്ളിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കച്ചേരിത്താഴത്തെ നഗരസഭാ കംഫർട്ട് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
അകത്ത് ആൾ കയറുന്നത് കാവൽക്കാരൻ കണ്ടിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാനായി കാവൽക്കാരൻ വാതിൽ പുറത്തു നിന്നു പൂട്ടി പോവുകയും ചെയ്തു. ഈ സമയം അകത്തുള്ളയാൾ പുറത്തേക്ക് ഇറങ്ങാൻ നോക്കിയപ്പോഴാണ് വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നതായി അറിയുന്നത്. തുടർന്ന് വാതിലിൽ തട്ടി ശബ്ദം ഉണ്ടാക്കിയെങ്കിലും വാഹനങ്ങളുടെ ശബ്ദംമൂലം ആരുടെയും ശ്രദ്ധ ഇവിടേക്ക് എത്തിയില്ല.
ജനാലയിലൂടെ പുറത്തേക്ക് കൈ നീട്ടി ബഹളം വച്ചതോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. ഇതിനിടെ സ്ഥലത്തെത്തിയ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.എ.അബ്ദുൽ സലാം അറിയിച്ചതനുസരിച്ച് നഗരസഭ ജീവനക്കാർ എത്തി വാതിൽ തുറന്ന് ഉള്ളിൽ കുടുങ്ങിയ ആളെ പുറത്തെത്തിച്ചു.