കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത് എന്ന യുവാവ് മരിച്ച സംഭവത്തിൽ പോലീസ് കൂടുതൽ കുരുക്കിലേക്ക്. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടു പോലീസ് പറയുന്ന കാര്യങ്ങളെല്ലാം തെറ്റെന്നു തെളിയിക്കുന്ന മൊഴികളും രേഖകളുമാണു പുറത്തുവരുന്നത്. ഇതോടെ ആളുമാറിയാണു ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന ആരോപണത്തിനു കൂടുതൽ ബലമാകുകയാണ്.
വീടാക്രമണത്തെത്തുടർന്നു വരാപ്പുഴ സ്വദേശി ചിട്ടിത്തറ വാസുദേവൻ(54) ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയെന്ന നിലയിലാണു ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ശ്രീജിത് അക്രമിസംഘത്തിലുണ്ടായിരുന്നെന്നു പരാതിയിലും സാക്ഷി മൊഴിയിലുമുണ്ടെന്നു പോലീസ് പറഞ്ഞിരുന്നു. എന്നാൽ, മൊഴി നൽകിയെന്നു പോലീസ് പറയുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ പരമേശ്വരൻ അതു വ്യാജമൊഴിയാണെന്നു വെളിപ്പെടുത്തി. വാസുദേവന്റെ വീട് ശ്രീജിത് ആക്രമിക്കുന്നതു താൻ കണ്ടിട്ടില്ലെന്നും കണ്ടതായി പോലീസിനു മൊഴി നൽകിയിട്ടില്ലെന്നും പരമേശ്വരൻ പറയുന്നു.
വരാപ്പുഴ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ പരമേശ്വരൻ സംഭവ സമയം മാർക്കറ്റിൽ ഉണ്ടായിരുന്നുവെന്നു രജിസ്റ്റർ ബുക്കിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. വാസുദേവന്റെ മകൻ വിനീഷും ശ്രീജിത്തിന്റെ പേര് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞിരുന്നു. വിനീഷ് ഇക്കാര്യം ചൊവ്വാഴ്ച നിഷേധിച്ചപ്പോൾ മൊഴി മാറ്റി പറയുകയാണെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ, വിനീഷ് പോലീസിനു നൽകിയ മൊഴിയിൽ ശ്രീജിത്തിന്റെ പേരില്ല.
വിപിൻ, വിൻജു, തുളസീദാസ്, എസ്. ജി. വിനു, അജിത്, ശരത് എന്നിവരും കണ്ടാലറിയാവുന്ന എട്ടു പേരും അക്രമിസംഘത്തിലുണ്ടായിരുന്നെന്നാണു വിനീഷിന്റെ മൊഴിയിലുള്ളത്. ഇതിൽ തുളസീദാസ് എന്നയാൾ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള മറ്റൊരു ശ്രീജിത്താണെന്നാണു സൂചന.