“പ്രകൃതി ഒരു അദ്ഭുതമാണ്. വെള്ളം തേടിയുള്ള യാത്രയിൽ ക്ഷീണിച്ചവശനായ സിംഹക്കുട്ടിയെ തുന്പിക്കൈയിൽ ഇരുത്തി നടന്നുനീങ്ങുന്ന ആഫ്രിക്കൻ ആന. സമീപത്ത് സിംഹക്കുട്ടിയുടെ അമ്മയും. ഇവർ മൂവരും മൂന്നു കിലോമീറ്റർ സഞ്ചരിച്ചശേഷമാണ് നീർച്ചാൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽനിന്ന് എന്റെ സുഹൃത്തുക്കളായ വനപാലകരാണ് ഈ അത്യാപൂർവ ചിത്രം കാമറയിൽ പകർത്തിയത്”- ഫ്രാൻസ്വാ ലോട്ടറിംഗ് എന്ന നമീബിയൻ സ്വദേശി ഫേസ്ബുക്കിൽ ഈ കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രമാണിത്.
ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം വൈറലായി. ഒരു ലക്ഷത്തോളം പേർ ഇത് ഷെയർ ചെയ്തു. ലോകത്തിന്റെ പല കോണുകളിൽനിന്നുമുള്ള പ്രമുഖർ ചിത്രത്തിനു കമന്റും പാസാക്കി. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും ഉയർന്നു. മൃഗങ്ങളുടെ സഹജീവികളോടുള്ള സ്നേഹം മനുഷ്യർ കണ്ടുപഠിക്കണമെന്നുള്ള ആശയം ചിലർ പങ്കുവച്ചു. ചിത്രത്തിന്റെ ആധികാരികത ചോദ്യംചെയ്തവരും വിരളമല്ല.
കഥകളിൽ ആനയും സിംഹവും സുഹൃത്തുക്കളായേക്കാം. എന്നാൽ, വനത്തിൽ ഇതിന് ഒരു സാധ്യതയുമില്ല. പ്രത്യേകിച്ച് ഒരു സിംഹക്കുട്ടിയെ എന്നല്ല, മറ്റൊരു ഇനത്തിൽപ്പെട്ട മൃഗങ്ങളെയും ആനകൾ ഇതുപോലെ എടുത്തുകൊണ്ടു നടക്കില്ല. ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ചിലർ വാദിച്ചു. ഇതിനു പിന്നാലെ നിരവധി വാദപ്രതിവാദങ്ങളും സോഷ്യൽ മീഡിയയിൽ നടന്നു.
എന്നാൽ, ആരും ശ്രദ്ധിക്കാത്ത ഒന്നുണ്ടായിരുന്നു. ഫ്രാൻസ്വാ ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്ത തീയതി, ഏപ്രിൽ ഒന്ന്. അന്നു വൈകുന്നേരത്തോടെ അദ്ദേഹം ചിത്രം പിൻവലിക്കുകയും മറ്റൊരു കുറിപ്പ് പോസ്റ്റ് എഡിറ്റ് ചെയ്ത് ഇങ്ങനെ എഴുതി: എന്റെ ചിത്രം ഷെയർ ചെയ്തവർക്കും കമന്റ് ചെയ്തവർക്കും നന്ദി. ഇത് ഒരു യഥാർഥ ചിത്രമല്ല. ഫോട്ടോഷോപ് വഴി സൃഷ്ടിച്ചതാണ്. ഇന്ന് ഏപ്രിൽ ഒന്നാണ്. എല്ലാവർക്കും ഏപ്രിൽ ഫൂൾ ആശംസകൾ.
സംഗതി ഇതുകൊണ്ടൊന്നും തീർന്നില്ല. ചിത്രം പിൻവലിച്ചെങ്കിലും ലോകമെന്പാടുമുള്ളവർ ചർച്ച അവസാനിപ്പിച്ചില്ല. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് എന്നീ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴി രണ്ടു കോടിയിൽപരം പേരെ വിഡ്ഢികളാക്കാൻ ഫ്രാൻസ്വായ്ക്കു കഴിഞ്ഞെന്ന് ബിസിനസ് ഇൻസൈഡർ സൗത്ത് ആഫ്രിക്ക റിപ്പോർട്ട് ചെയ്തു.
തുടക്കത്തിൽ ദക്ഷിണാഫ്രിക്ക, നൈജീരിയ, കെനിയ എന്നീ രാജ്യങ്ങളിൽ വൈറലായ ചിത്രം പിന്നീട് അമേരിക്ക, കാനഡ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. യുകെ പത്രമായ ദ ടെലിഗ്രാഫ്, മൈക്രോസോഫ്റ്റിന്റെ ന്യൂസ് പ്ലാറ്റ്ഫോമായ എംഎസ്എൻ തുടങ്ങിയ മീഡിയകൾ ഇത് യഥാർഥ ചിത്രമാണെന്നു കരുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഒരു മാധ്യമത്തിനും ഇത്തരത്തിൽ അബദ്ധം പിണഞ്ഞു.