ഓഫീസുകൾക്കും ആരാധനാലയങ്ങൾക്കും മുന്നിൽ അലക്ഷ്യമായി ഊരിയിടുന്ന ചെരുപ്പുകൾ പലപ്പോഴും പലരെയും അലോരസപ്പെടുത്തുന്നുണ്ട്. ചെരിപ്പുകൾ വയ്ക്കാൻ പ്രത്യേക സ്ഥലമുണ്ടെങ്കിൽ പോലും അത് ഉപയോഗിക്കാൻ പലർക്കും സൗകര്യവുമില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ടുവയ്ക്കാൻ ജാപ്പനീസ് കമ്പനിയായ നിസാനു തോന്നിയത്.
സെൽഫ് പാർക്കിംഗ് സംവിധാനമുള്ള ചെരുപ്പാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഉപയോഗിക്കാത്ത സാഹചര്യങ്ങളിൽ ചെരുപ്പ് തനിയെ നിശ്ചിത സ്ഥലത്ത് പാർക്ക് ചെയ്യും. എവിടെയാണ് ചെരുപ്പുകൾ പാർക്ക് ചെയ്യണമെന്നത് മുൻകൂട്ടി സെറ്റ് ചെയ്യാനുമാകും.
ചെരുപ്പിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറും ചക്രങ്ങളും സെൻസറുമാണ് ഇതിനു സഹായകമാകുന്നത്. കാമറയാണ് ഇതിനായി ചെരുപ്പിനെ പ്രാപ്തമാക്കുന്നത്. ചെരുപ്പുകളിൽ മാത്രമല്ല ചെറിയ മേശകളിലും കസേരകളിലും ഈ സംവിധാനം പ്രയോജനപ്പെടുത്താനാകുമെന്ന് നിസാൻ അറിയിച്ചു. സെൽഫ് ഡ്രൈവിംഗ് സംവിധാനമുള്ള കാറുകൾക്ക് പ്രചാരം നല്കുന്നതിനാണ് സെൽഫ് പാർക്കിംഗ് ചെരുപ്പുകൾ വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.