കാസ്റ്റിംഗ് കൗച്ച് പോലുള്ള വിവാദങ്ങള്‍ സിനിമാ മേഖലയെ വിട്ടൊഴിയാതെ നില്ക്കുന്ന സാഹചര്യത്തില്‍ സിനിമാമേഖലയില്‍ നിന്ന് തനിക്കുണ്ടായിട്ടുള്ള അവഗണനകളും മോശം അനുഭവങ്ങളും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പ്രിയങ്ക ചൊപ്ര. ബോളിവുഡിന് പുറമേ, ഹോളിവുഡിലും നിറയെ ആരാധകരുള്ള പ്രിയങ്കയുടെ വെളിപ്പെടുത്തല്‍ സിനിമാമേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.
തന്റെ ആഗോളപ്രശസ്തിയൊന്നും വിവിധ തരത്തിലുള്ള ചൂഷണങ്ങളില്‍ നിന്നും തന്നെ രക്ഷിച്ചിട്ടില്ലെന്നും പ്രിയങ്ക വെളിപ്പെടുത്തി. ആഗോളാംഗീകാരത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും താനും വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആരാധകരുടെ ഈ പ്രിയതാരം.
തൊലിയുടെ നിറത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഒരു ഹോളിവുഡ് സിനിമ നഷ്ടമായിട്ടുണ്ടെന്നാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷമാണ് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാന്‍ പോയത്. അപ്പോള്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്തുവന്ന ഒരു വ്യക്തി തന്റെ മാനേജരോട് പ്രിയങ്കയുടെ ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു. എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് അന്ന് മനസ്സിലായില്ലെന്ന് പ്രിയങ്ക പറയുന്നു.
വീണ്ടും ഞാന്‍ അയാളോട് ചോദിച്ചു. എന്താണ് എന്റെ ശരീരത്തിന്റെ കുഴപ്പമെന്ന്. അപ്പോഴാണ് തന്റെ ശരീരം തവിട്ട് നിറമാണെന്നും. ഈ നിറമാണ് ഷൂട്ട് ചെയ്യാനുള്ള പ്രശ്നമെന്നും ആ ഏജന്റ് പറഞ്ഞത്. താനാകെ തകര്‍ന്നുപോയെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം ഹോളിവുഡിലായാലും ബോളിവുഡിലായാലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രണ്ടു വേതനമാണ് ഇപ്പോഴും നല്‍കുന്നതെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞദിവസം ഇന്‍സ്റ്റൈല്‍ എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം തനിക്കുണ്ടായ ഈ അധിക്ഷേപം വെളിപ്പെടുത്തിയത്.