മാഞ്ചസ്റ്റർ: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദക്വാർട്ടറിലും ചെന്പടയോട്ടം. മുഹമ്മദ് സലായും റോബർട്ടോ ഫിർമിനോയും രണ്ടാം പകുതിയിൽ നേടിയ ഗോളുകളുടെ കരുത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരേ 2-1നു ലിവർപൂൾ ജയിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി 5-1നു ജയിച്ച് ലിവർപൂൾ സെമിയിലെത്തി.
പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ച സിറ്റിയുടെ ട്രിപ്പിൾ കിരീട നേട്ടമെന്ന മോഹമാണ് തകർന്നത്. ഈ സീസണിൽ ലീഗ് കപ്പ് സിറ്റി നേടിയിരുന്നു. സിറ്റിക്കുവേണ്ടി ഗബ്രിയേൽ ജീസസ് (രണ്ടാം മിനിറ്റ്) ലിവർപൂളിനുവേണ്ടി സലാ (56-ാം മിനിറ്റ്), ഫിർമിനോ (77-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.
ലെറൊയ് സെയ്ന്റെ ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച സിറ്റി പരിശീലകൻ പെപ് ഗാർഡിയോള രണ്ടാം പകുതിയിൽ ഗാലറിയിൽ ഇരുന്നാണ് കളി കണ്ടത്. ആദ്യ പാദത്തിൽ 3-0നു തോറ്റ സിറ്റി സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തിൽ തിരിച്ചടിക്കാൻ ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. രണ്ടാം മിനിറ്റിൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾവന്നു.
റഹീം സ്റ്റെർലിംഗിന്റെ പാസിൽ ജീസസ് ഗോൾ നേടി. ഇതോടെ മത്സരം കൂടുതൽ ചൂടുപിടിച്ചു. സിറ്റിയുടെ ബെർണാർഡോ സിൽവയുടെ ശക്തമായ ഷോട്ട് പോസ്റ്റിൽ തട്ടി. 42-ാം മിനിറ്റിൽ സിറ്റി സെയ്നിലൂടെ ലീഡ് ഉയർത്തിയെന്നു തോന്നി. സെയ്ന്റെ ഷോട്ട് വലയിൽ കടന്നതുമാണ്. എന്നാൽ, ഓഫ് സൈഡ് വിളി ലിവർപൂളിന് ആശ്വാസം നല്കി. ഇതിനാണ് ഗാർഡിയോള ദേഷ്യപ്പെട്ടത്.
56-ാം മിനിറ്റിൽ ലിവർപൂൾ സലായിലൂടെ എവേ ഗ്രൗണ്ടിൽ ഗോൾ നേടി. കളി തീരാൻ 13 മിനിറ്റ് കൂടിയുള്ളപ്പോൾ ലിവർപൂൾ രണ്ടാമത്തെ ഗോളും നേടി. സിറ്റിയുടെ പ്രതിരോധതാരം നിക്കോളാസ് ഒട്ടാമെൻഡിയുടെ പിഴവിൽനിന്നായിരുന്നു ഫിർമിനോയുടെ ഗോൾ.
ഈ ഗോൾ കൂടി വീണതോടെ ചാന്പ്യൻസ് ലീഗിൽ ലിവർപൂൾ പുതിയ റിക്കാർഡ് കുറിച്ചു. ചാന്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇംഗ്ലീഷ് ടീമായി. 33 തവണയാണ് ലിവർപൂൾ ഈ സീസണിൽ എതിർവല കുലുക്കിയത്.