ഗോൾഡ് കോസ്റ്റ്: കോമണ്വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 12 ആയി. ഇന്നലെ ശ്രേയസി സിംഗ് ആണ് ഇന്ത്യക്കായി സുവർണനേട്ടം സ്വന്തമാക്കിയത്. വനിതകളുടെ ഡബിൾട്രാപ്പ് ഷൂട്ടിംഗിലായിരുന്നു ശ്രേയസിയുടെ സ്വർണം. ഷൂട്ട് ഓഫിലൂടെയായിരുന്നു ഇന്ത്യൻ താരം വിജയിച്ചത്. ഇതോടെ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യക്ക് നാല് സ്വർണമായി. ഇന്നലെ ഒരു സ്വർണവും രണ്ട് വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ഷൂട്ടിംഗ് റേഞ്ചിൽനിന്നുതന്നെയായിരുന്നു രണ്ട് വെങ്കലവും.
പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റളിൽ ഓം മിതർവാളും ഡബിൾ ട്രാപ്പിൽ അങ്കുർ മിത്തലുമാണ് ഇന്നലെ വെങ്കലം സ്വന്തമാക്കിയത്. മിതർവാളിന്റെ രണ്ടാം വെങ്കല മെഡലായിരുന്നു. 10 മീറ്റർ എയർ പിസ്റ്റളിലും മിതർവാൾ വെങ്കലം സ്വന്തമാക്കിയിരുന്നു. അതേസമയം, 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയ ജിത്തു റായ്ക്ക് ഇന്നലെ നിരാശയായിരുന്നു ഫലം. 50 മീറ്റർ പിസ്റ്റളിൽ ജിത്തു റായ്ക്ക് ഏറ്റവും പിന്നിൽ ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
ഷൂട്ട് ഓഫിൽ ശ്രേയസി
വനിതാ ഡബിൾ ട്രാപ്പ് ഫൈനലിൽ നാല് റൗണ്ടിനുശേഷം ശ്രേയസി സിംഗിനും ഓസ്ട്രേലിയയുടെ എമ്മ കോക്സിനും 96 പോയിന്റ് വീതമായിരുന്നു. തുടർന്ന് വിജയിയെ നിശ്ചയിക്കാൻ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. ഷൂട്ട് ഓഫിലെ ആദ്യശ്രമത്തിൽ ശ്രേയസി രണ്ട് തവണ ലക്ഷ്യംകണ്ടു. എമ്മയ്ക്ക് ഒരു തവണ ലക്ഷ്യംകാണാനേ സാധിച്ചുള്ളൂ. ഇന്ത്യയുടെ വർഷ വർമൻ 86 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. 87 പോയിന്റ് നേടിയ സ്കോട് ലൻഡിന്റെ ലിൻഡ പിയേഴ്സനാണ് വെങ്കലം.
പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റളിൽ 227.2 പോയിന്റോടെ ഗെയിംസ് റിക്കാർഡ് കുറിച്ച് ഓസ്ട്രേലിയയുടെ ഡാനിയേൽ റിപചോളി സ്വർണം നേടി. 201.1 പോയിന്റുമായാണ് ഓം മിതർവാൾ ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ ഷക്കീൽ അഹമ്മദിനായിരുന്നു (220.5 പോയിന്റ്) വെള്ളി.
പുരുഷ ഡബിൾ ട്രാപ്പിൽ സ്കോട്ലൻഡിന്റെ ഡേവിഡ് മക്മത്ത് 74 പോയിന്റോടെ ഗെയിംസ് റിക്കാർഡ് കുറിച്ച് സ്വർണം കരസ്ഥമാക്കിയപ്പോൾ ഇന്ത്യയുടെ അങ്കുർ മിത്തൽ 53 പോയിന്റുമായി വെങ്കലം നേടി. 43 പോയിന്റോടെ ഇന്ത്യൻ താരം അഹമ്മദ് മൊഹാദ് നാലാം സ്ഥാനത്ത് എത്തി.
ബാഡ്മിന്റണിൽ സന്തോഷം
ബാഡ്മിന്റണ് മിക്സഡ് ടീം സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ സിംഗിൾസ്, ഡബിൾസ് വിഭാഗങ്ങളിൽ ജയത്തോടെ ശുഭാരംഭം കുറിച്ചു. ഒളിന്പിക് വെള്ളി ജേതാവ് പി.വി. സിന്ധു, സൈന നെഹ്വാൾ, പുരുഷ ലോക രണ്ടാം നന്പർ താരം കിഡംബി ശ്രീകാന്ത്, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവർ സിംഗിൾസിൽ ആദ്യ റൗണ്ട് കടന്പ കടന്നു.
പുരുഷ സിംഗിൾസിൽ മൗറീഷ്യസിന്റെ ആതിഷ് ലുബാഹിനെ 21-13, 21-10ന് 26 മിനിറ്റിൽ തകർത്താണ് ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. മൗറീഷ്യസിന്റെ ക്രിസ്റ്റഫർ ജീൻ പോളിനെ 21-14, 21-6നു കീഴടക്കിയായിരുന്നു പ്രണോയിയുടെ രണ്ടാം റൗണ്ട് പ്രവേശനം. വനിതാ സിംഗിൾസിൽ പി.വി. സിന്ധു വെറും 18 മിനിറ്റ് നീണ്ട ആദ്യ റൗണ്ട് മത്സരത്തിൽ ഫിജിയുടെ ആൻഡ്ര വൈറ്റ്സൈഡിനെ തുരത്തി. 18 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ എൽസി ഡിവില്യേഴ്സിനെ കീഴടക്കി സൈനയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മിക്സഡ് ഡബിൾസിൽ സാത്വിക് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
പിന്നിൽനിന്നെത്തി ഇന്ത്യൻ ജയം
ഹോക്കിയിൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പിന്നിൽനിന്നശേഷം ഇന്ത്യ4-3ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അവസാന രണ്ട് മിനിറ്റിൽ രണ്ട് ഗോളടിച്ചായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഗ്രൂപ്പ് ബി ചാന്പ്യന്മാരായി ഇന്ത്യ സെമിയിലേക്ക് മുന്നേറി. സെമിയിൽ ന്യൂസിലൻഡ് ആണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ട് സെമിയിൽ ഓസ്ട്രേലിയയെ നേരിടും.
കോമൺവെൽത്ത് മെഡൽ നില
ടീം, സ്വർണം, വെള്ളി, വെങ്കലം, ആകെ മെഡൽ, സ്ഥാനം
ഓസ്ട്രേലിയ 57 43 45 145 1ഇംഗ്ലണ്ട് 25 30 21 76 2ഇന്ത്യ 12 4 8 24 3ദക്ഷിണാഫ്രിക്ക 10 7 9 26 4ന്യൂസിലൻഡ് 9 10 8 27 5