സ്വന്തം ലേഖകൻ
തൃശൂർ: കുടുംബ ബജറ്റുകൾക്ക് ആശ്വാസംനൽകി വിലക്കയറ്റം ഒട്ടുമില്ലാതെ വിഷു പച്ചക്കറി വിപണി. വിഷുവിന് ദിവസങ്ങൾമാത്രം ശേഷിക്കേ ചെറുനാരങ്ങയ്ക്കു മാത്രമാണ് വില ഉയർന്നിരിക്കുന്നത്. വിഷുക്കാലത്ത് ഏറ്റവുമധികം വിറ്റുപോകുന്ന കണിവെള്ളരിക്ക് 20 മുതൽ 30 രൂപ വരെയാണ് ഇന്നലത്തെ വില. ലഭ്യത ധാരാളമുള്ളതിനാൽ അടുത്ത ദിവസങ്ങളിലും വെള്ളരിക്കു വലിയ വിലക്കയറ്റം ഉണ്ടാവാനിടയില്ലെന്ന് ശക്തൻ മാർക്കറ്റിലെ വ്യാപാരി ഡെൻസിൽ പറഞ്ഞു.
ഫാമുകളിലും കൊയ്ത്തുകഴിഞ്ഞപാടങ്ങളിലുമെല്ലാം വിഷു ലക്ഷ്യമാക്കി കൃഷിചെയ്ത കണിവെള്ളരി വിളവെടുത്തു തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ ചെങ്ങാലൂർ പാടത്ത് ഇത്തരത്തിൽ വൻതോതിൽ വെള്ളരി കൃഷി ചെയ്തിരുന്നു. കണിവയ്ക്കാൻ വാങ്ങുന്ന പൂവൻപഴത്തിനും വില കൂടിയിട്ടില്ല. കിലോ അന്പതുരൂപ.
അതേസമയം ചെറുനാരങ്ങയ്ക്കു മാത്രമാണ് പറയത്തക്ക വിലക്കയറ്റമുള്ളത്.കിലോയ്ക്ക് 120 രൂപ മുതൽ 170 രൂപ വരെയായാണ് ചെറുനാരങ്ങ വിൽക്കുന്നത്. രണ്ടോ മൂന്നോ എണ്ണം മാത്രമായി വാങ്ങുന്നുവെങ്കിൽ ഒന്നിന് എട്ടു രൂപ വീതം കൊടുക്കണം. ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള വരവ് കുറഞ്ഞതാണ് ചെറുനാരങ്ങയുടെ വില ഉയരാൻ കാരണം.
നേന്ത്രപ്പഴത്തിന് ഏറെക്കാലമായി വില 50 രൂപ കടക്കാറില്ല. 40 രൂപ മുതൽ ഇപ്പോൾ പഴം ലഭ്യമാണ്. വിഷുക്കാലത്തും ഇത് കൂടാനിടയില്ലെന്ന് വ്യാപാരികൾ പറയുന്നു. നേന്ത്രക്കായ-40, നാടൻ പയറ്-50, വെള്ളപയറ്-40, തക്കാളി 15-20, വെണ്ടക്കായ 35-40, വഴുതന 20, കൊത്തവര-30, , മുരിങ്ങക്കായ-40, മത്തങ്ങ-25, ചേന-30, കൈപ്പക്ക 35-50 എന്നിങ്ങനെയാണ് വിവിധ പച്ചറികളുടെ ശക്തൻമാർക്കറ്റിലെ ഇന്നലത്തെ വില.
പച്ചക്കറികളുടെ ലഭ്യതയനുസരിച്ച് ഇന്നും നാളെയുമായി വിലയിൽ നേരിയ വർധനവ് ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. സംഘടനകളുടെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ വിഷു പച്ചക്കറി ചന്തകൾ ആരംഭിച്ചിട്ടുണ്ട്. വിപണിവിലയേക്കാൾ കുറഞ്ഞവിലയ്ക്കാണ് മിക്കയിടത്തും പച്ചക്കറികൾ വിൽക്കുന്നത്.