സ്വന്തംലേഖകന്‍
കോഴിക്കോട്: സൈബര്‍ സെല്ലിന്റെ അന്വേഷണത്തിനൊടുവില്‍ ഒരു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഉടമയ്ക്കു തിരിച്ചു കിട്ടി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നിന് പാലക്കാട് നെന്മാറയില് നിന്നും നഷ്ടപ്പെട്ട സാംസംഗ് ഗാലക്സി മൊബൈല്‍ ഫോണാണ് കോഴിക്കോട് പുറക്കാട്ടിരി സ്വദേശിയ്ക്ക് തിരികെ ലഭിച്ചത്.
ഒരു വര്‍ഷത്തെ അന്വേഷണത്തിന്റെ ഭാഗമായാണ് ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന വിവരം കോഴിക്കോട് സിറ്റി സൈബര്‍ സെല്ലിനു ലഭിച്ചത്. തുടര്‍ന്ന് കസബ സിഐ പി. പ്രമോദ് ഫോണ്‍ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി തിരികെ വാങ്ങുകയായിരുന്നു. ഉപയോഗിച്ചയാള്‍ ഫോണ്‍ മോഷ്ടിച്ചതല്ലെന്ന് വിശദീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ഫോണ്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നു ഉടമ അന്നു തന്നെ നെന്മാറ പോലീസില്‍ വിവരം നല്‍കിയിരുന്നു . എന്നാല്‍ അടുത്ത ദിവസം സ്റ്റേഷനിലെത്തി പരാതി നല്‍കാനായിരുന്നു പോലീസ് നിര്‍ദേശിച്ചത്. കോഴിക്കോട് ജില്ലക്കാരനായതിനാല്‍ പാലക്കാടെത്തി ഫോണ്‍ നഷ്ടപ്പെട്ടന്ന് പരാതി നല്കാന് കഴിയാത്തതിനാല്‍ കോഴിക്കോട് സിറ്റിയിലെ കസബ പോലീസില്‍ പരാതി നല്കി.
തുടര്‍ന്നു കസബ സിഐ മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ സഹിതമുള്ള പരാതി കോഴിക്കോട് സൈബര്‍ സെല്ലിനു കൈമാറി. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള മൊബൈണ്‍ കണക്ഷന് സേവനദാതാക്കള്‍ക്കു സൈബര്‍ സെല്‍ നഷ്ടപ്പെട്ട ഫോണിന്റെ ഐഎംഇഐ നമ്പര്‍ നല്കി. ഏതെങ്കിലും കമ്പനിയുടെ സിം ഈ ഐഎംഇഐ നമ്പറുള്ള ഫോണില്‍ പ്രവര്‍ത്തിച്ചാല്‍ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഇത്തരത്തില്‍ നമ്പര്‍ സൈബര്‍ സെല്‍ അയച്ചുകൊടുക്കുന്നത്.
എന്നാല്‍ ആറു മാസത്തിനുള്ളില്‍ ഒരു കമ്പനികളില്‍ നിന്നും അറിയിപ്പു ലഭിച്ചില്ല. പിന്നീട് കഴിഞ്ഞ മാസം നഷ്ടപ്പെട്ട ഫോണില്‍ ഒരു സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. ഈ നമ്പറിനെ കുറിച്ച് അന്വേഷിച്ച സൈബര്‍ സെല്‍ സിംകാര്‍ഡ് ആരുടെ പേരിലാണെന്ന വിവരം കസബ പോലീസിനു കൈമാറുകയായിരുന്നു.
ഉപയോഗത്തിനിടെ നഷ്ടപ്പെടുന്നതോ മോഷ്ടിക്കപ്പെടുന്നതോ ആയ മൊബൈല്‍ ഫോണുകളെ കണ്ടെത്തി ഉടമകള്‍ക്ക് നല്കാന് സൈബര്‍സെല്‍ ഇപ്പോള്‍ സദാസജ്ജമാണ്. അതുകൊണ്ടു തന്നെ ഓരോ പോലീസ് ജില്ലകളിലും പ്രവര്‍ത്തിക്കുന്ന സൈബര്‍ സെല്ലുകളില്‍ കാണാതാവുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതായെത്തുന്ന പരാതികള്‍ അനുദിനം വര്‍ധിക്കുകയാണ്.
കോഴിക്കോട് സിറ്റി പോലീസിനു കീഴിലുള്ള സൈബര്‍ സെല്ലില്‍ ഈ വര്‍ഷം മാത്രം മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ട് മുന്നൂറോളം പരാതികളാണ് എത്തിയതെന്നാണറിയുന്നത്. ലഭിക്കുന്ന പരാതികളില്‍ മിക്ക ഫോണുകളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് സൈബര്‍ സെല്‍ അതത് പോലീസിനു കൈമാറുന്നുണ്ട് .