വെണ്ടുരുത്തി പാലം പൊളിച്ചടുക്കാന്‍ കൊടുത്തത് 2 കോടി രൂപയ്ക്ക്, പൊളിക്കുന്നത് കുളന്തൈ സ്വാമി കമ്പനി

വെണ്ടുരുത്തി റെയില്‍വേ പാലം വിറ്റത് 2.10 കോടി രൂപയ്‌ക്കെന്ന് വിവരാവകാശ രേഖകള്‍. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി വി.എ. എന്‍ട്രീറ്റ സതേണ്‍ റെയില്‍വേക്ക് വിവരാവകാശ പ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് റെയില്‍വേ കണക്കുകള്‍ നല്‍കിയത്.

ജനുവരി 30 ന് റെയില്‍വേ നടത്തിയ ലേലത്തില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുളന്തൈ സ്വാമി ആന്‍ഡ് കമ്പനിയാണ് പാലം ലേലത്തിലെടുത്തത്. ലേലത്തിനു മുന്‍പായി റെയില്‍വേ പാലം പൊളിച്ചു വില്‍ക്കുന്നതിന് അപേക്ഷ ക്ഷണിച്ച് പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നതായി വിവരാവകാശ രേഖകള്‍ പറയുന്നു.

1365 മെട്രിക് ടണ്‍ ഉരുക്ക്, 2.322 മെട്രിക് ടണ്‍ ഫോസ്ഫര്‍ വെങ്കലം, പാലത്തിന്റെ സ്പാനുകള്‍, ഗര്‍ഡറുകള്‍, ഫുട്പാത്ത് പ്ലേറ്റ്‌സ്, ബെയറിംഗുകള്‍, ബെന്റ് പ്ലേറ്റ്, ഉരുക്ക് ഷീറ്റുകള്‍ എന്നിങ്ങനെയാണ് പരസ്യത്തിലെ വിവരണം. വെണ്ടുരുത്തി റോഡിന്റെയും റെയില്‍ പാളത്തിന്റെയും പീയര്‍ ക്യാപ്പുകള്‍ ഒന്നായതിനാല്‍ ഇവ സുരക്ഷിതമായി നിലനിര്‍ത്തും.

റെയിലിന്റെ സിഗ്‌നല്‍ കമ്യൂണിക്കേഷന്‍ കേബിളുകള്‍ നീക്കം ചെയ്ത് റെയില്‍വേയ്ക്ക് തിരിച്ചുനല്‍കണമെന്നും 80 ദിവസത്തിനുള്ളില്‍ പൊളിച്ചു നീക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് പാലം പൊളിക്കുന്നതിന് ലേലത്തില്‍ കൊടുത്തത്. അതേസമയം റെയില്‍വേ നിശ്ചയിച്ചിട്ടുള്ള പാലത്തിന്റെ യഥാര്‍ഥ മൂല്യം എത്രയെന്ന ചോദ്യത്തിന് രഹസ്യമാണെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.

Related posts