റോഡ് തന്റെ തറവാട്ടുവകയാണെന്ന രീതിയിലാണ് ചില ഡ്രൈവര്‍മാര്‍ റോഡിലൂടെ വണ്ടി പായിക്കുന്നത്. മുന്നും പിന്നും നോക്കാതെ തങ്ങള്‍ക്കു തോന്നുന്നിടത്ത് ബ്രേക്കിടുക, ഇന്‍ഡിക്കേറ്ററിടാതെ വണ്ടി തിരിക്കുക, തോന്നിയതുപോലെ വേഗം കൂട്ടുക, കുറയ്ക്കുക തുടങ്ങിയവ ഇവരുടെ മാത്രം പ്രത്യേകതകളാണ്. ഇക്കൂട്ടര്‍ റോഡില്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് പലപ്പോഴും വിലകൊടുക്കേണ്ടി വരിക മറ്റു വാഹനങ്ങളും അതിലെ ഡ്രൈവര്‍മാരുമൊക്കെ ആയിരിക്കും. കുഴപ്പമുണ്ടാക്കിയവരാകട്ടെ കൂളായി വണ്ടിയോടിച്ചു പോവുകയും ചെയ്യും. ഇങ്ങനെയൊരു കുഴപ്പക്കാരന്‍ ചൈനീസ് ഡ്രൈവറുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ചൈനയിലെ തിരക്കേറിയ ദേശീയപാതയിലാണ് സംഭവം. ഹൈവേയിലൂടെ വേഗത്തില്‍ പോകുകയായിരുന്നു വെളുത്ത കാര്‍. ഒരു ജംഗ്ഷന് പിന്നിട്ടപ്പോഴാണ് തിരിയേണ്ട സ്ഥലം കഴിഞ്ഞു എന്ന് ഡ്രൈവര്‍ മനസിലാക്കുന്നത്. വഴി മാറിപ്പോയെന്ന് തിരിച്ചറിഞ്ഞ അയാള്‍ സ്പീഡ് ട്രാക്കിന്റെ ഒത്ത നടുവില്‍ത്തന്നെ കാര്‍ നിര്‍ത്തുകയായിരുന്നു.ഇതേസമയം ഒരു കൂറ്റന്‍ ട്രക്കും ബസും അതിവേഗതയില്‍ പിന്നാലെ വരുന്നതും വീഡിയോയില്‍ കാണാം. കാര്‍ വഴിയുടെ നടുവില്‍ നിര്‍ത്തിയതോടെ പിന്നാലെ വന്ന ട്രക്ക് കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ടു മറിഞ്ഞു. മറുവശത്തുകൂടി കടന്നുപോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കഴിഞ്ഞില്ല. ഒന്നും ശ്രദ്ധിക്കാതെ കാര്‍ മെല്ലെ വലതുവശത്തെ റോഡിലേക്ക് തിരിഞ്ഞു. അതോടെ പിന്നാലെ വന്ന മറ്റൊരു ട്രക്കിനും നിയന്ത്രണം വിട്ടു. എങ്കലും ഡ്രൈവര്‍ക്ക് വാഹനം ഒരു തരത്തില്‍ നിര്‍ത്താന്‍ സാധിച്ചു. സംഭവത്തിലെ ഏറെ കൗതുകം ജനിപ്പിക്കുന്ന രംഗമാണ് അടുത്തത്. ഈ കുഴപ്പമൊക്കെയും ഉണ്ടാക്കിയ കാര്‍ ഡ്രൈവര്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത രീതിയില്‍ വണ്ടിയോടിച്ചു പോകുന്നതും വീഡിയോയില്‍ കാണാം.ഹൈവേയിലെ ട്രാഫിക് കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ചൈനയിലെ പ്രാദേശിക പത്രത്തിന്റെ ഫെയ്സ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ഏപ്രില്‍ പത്തിന് ഫെയ്സ് ബുക്കില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനോടകം രണ്ടുലക്ഷം ആളുകളാണ് കണ്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മോശം ഡ്രൈവര്‍ എന്നാണ് സോഷ്യല്‍മീഡിയ ഒറ്റക്കെട്ടായി കാറിന്റെ ഡ്രൈവറെ വിശേഷിപ്പിച്ചിരിക്കുന്നത്.