ചവറ: കേരളത്തിലും നരഭോജിയായ കടുവയെ കണ്ടു തുടങ്ങിയന്നും ആ കടുവയുടെ പേരാണ് വർഗീയ ഫാസിസമെന്നും കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഇതിന്റെ അവസാനത്തെ ഇരയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചവറ ഒ.എൻ.വി.നഗറിൽ ‘സാംസ്ക്കാരിക രംഗത്തെ ഫാസിസ്റ്റ് കടന്നാക്രമണം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ പുരാണത്തെക്കുറിച്ച് സഭ്യമായ ഭാഷയിൽ സംവേദിക്കാൻ തയാറുള്ള വർഗീയ ഫാസിസ്റ്റുകളുണ്ടെങ്കിൽ പൊതുവേദിയിൽ സംവേദിക്കാൻ താൻ തയ്യാറാണന്നും കുരീപ്പുഴ കൂട്ടിചേർത്തു. എൻ.വിജയൻ പിള്ള എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഐ.ഷിഹാബ് മോഡറേറ്ററായി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി.പ്രസാദ് വിഷയം അവതരിപ്പിച്ചു. ഇപ്റ്റ സംസ്ഥാന പ്രസിഡന്റ് അഡ്വ.മണിലാൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി പിള്ള, ഡോ.ബി. ബാഹുലേയൻ, കെ.ഷാനവാസ് ഖാൻ, സുകേശൻ ചൂലിക്കാട്, വി.ബാലകൃഷ്ണൻ, ആർ.രാജീവ് കുമാർ, എസ്.അശ്വനി കുമാർ, എൻ.കൃഷ്ണകുമാർ, വി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.