പോലീസെത്തിയത് സഹോദരന്‍ സജിത്തിനെ തേടി; എന്നാല്‍ കൊണ്ടു പോയത് ശ്രീജിത്തിനെയെന്ന് ഭാര്യ അഖില; ഗണേശന്‍ ശ്രീജിത്തിന്റെ വീട് പോലീസിന് കാട്ടിക്കൊടുത്തത് വ്യക്തിവൈരാഗ്യത്തിന്റെ പുറത്ത്

വരാപ്പുഴ: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യയുടെ മൊഴിയും പോലീസിനെ വെട്ടിലാക്കുന്നത്. സഹോദരന്‍ സജിത്തിനെ അന്വേഷിച്ചെത്തിയ പോലീസ് ആളുമാറി ശ്രീജിത്തിനെ പിടിച്ചു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നെന്ന് അഖിലയുടെ മൊഴി.

മൊഴിയില്‍ പറയുന്നത്: പറവൂരിലായിരുന്ന ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തിനെ വീടാക്രമണ വിവരം മൂത്ത സഹോദരന്‍ രഞ്ജിത്താണു ഫോണില്‍ വിളിച്ചറിയിച്ചത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ജോലി ചെയ്യുന്ന അഖില വീട്ടിലെത്തിയപ്പോള്‍ ശ്രീജിത്ത് ഉറക്കത്തിലായിരുന്നു.

വീടാക്രമണവിവരം ശ്രീജിത്തിനെ അറിയിച്ചത് അഖിലയാണ്. അന്നു രാവിലെ വാസുദേവന്റെ മകന്റെ കൂടെ പണിക്കുപോകുമെന്നു ശ്രീജിത്ത് പറഞ്ഞിരുന്നെങ്കിലും തലേന്ന് ഉത്സവത്തിനുപോയ ക്ഷീണത്തില്‍ ഉറങ്ങിപ്പോയതിനാല്‍ ജോലിക്കു പോയില്ല.

വീടാക്രമണ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ വീട് തേടി പോലീസ് എത്തിയപ്പോള്‍ വാസുദേവന്റെ സഹോദരന്‍ ഗണേശനാണു ശ്രീജിത്തിന്റെ വീട് കാട്ടിക്കൊടുത്തത്. ഗണേശനു ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തുമായി വൈരാഗ്യമുണ്ട്. സജിത്തിനെ അന്വേഷിച്ചാണു പോലീസെത്തിയത്.

മഫ്ടിയിലെത്തിയ പോലീസുകാരില്‍ ഒരാള്‍ കാവി മുണ്ടും ടീ ഷര്‍ട്ടുമാണു ധരിച്ചിരുന്നത്. മറ്റു രണ്ടുപേര്‍ പാന്റ്സ് ധരിച്ചിരുന്നു. ഇവര്‍ രണ്ടുപേരും വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിനെ വലിച്ചുകൊണ്ടുപോയി.

പോലീസുകാരില്‍ ഒരാള്‍ സജിത്തിനെ കിട്ടി എന്നു ഫോണില്‍ പറയുമ്പോള്‍ ഇത് സജിത്ത് അല്ല ശ്രീജിത്താണെന്നു ഗണേശന്‍ പറഞ്ഞു. ഇതിനിടെ ശ്രീജിത്തിനെ ബൂട്ടിട്ട് വയറ്റില്‍ ചവിട്ടിയിരുന്നു. പിന്നീട് പോലീസ് തിരികെ വന്നു സജിത്തിനെയും കൊണ്ടുപോകുകയായിരുന്നു. ശ്രീജിത്തിനെ കൊണ്ടുപോകുമ്പോള്‍ സമീപത്തെ കവലയില്‍വച്ച് നെഞ്ചില്‍ ചവിട്ടുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനുശേഷമാണു വയറുവേദന തുടങ്ങിയത്. പറവൂരില്‍ സി.ഐ. ഓഫീസില്‍വച്ചാണു മൂക്കിനു മര്‍ദനമേറ്റത്.

വയറുവേദന ശക്തമായപ്പോള്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ ഭാര്യ അഖിലയെ വിളിപ്പിച്ചു വിവരങ്ങള്‍ പറഞ്ഞു. നെഞ്ചിലേറ്റ ക്രൂരമര്‍ദനത്തില്‍ കുടല്‍ പൊട്ടി ഭക്ഷണസാധനങ്ങള്‍ ഹൃദയത്തില്‍ വ്യാപിച്ച് അണുബാധ ഉണ്ടായിരിക്കുന്നതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഈ വിവരം ശ്രീജിത്തിനെ അറിയിച്ചപ്പോള്‍ പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ വേണ്ടെന്നായിരുന്നു മറുപടിയെന്നും അഖില പറയുന്നു.

ഏക മകളെ കാണണമെന്ന് ശ്രീജിത്ത് ആവശ്യപ്പെട്ടെങ്കിലും മകള്‍ വീട്ടിലായതിനാല്‍ ആ അവസാന ആഗ്രഹവും നടന്നില്ലെന്നും അഖിലയുടെ വാക്കുകള്‍. ശ്രീജിത്തിന്റെ പേര് ഗൃഹനാഥന്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട പരാതിയിലും മൊഴികളിലുമുണ്ടെന്ന പറവൂര്‍ സി.ഐ. ജി.എസ്. ക്രിസ്പിന്‍ സാമിന്റെ വാദം പൊളിഞ്ഞതിനു പിന്നാലെയാണു സസ്പെന്‍ഷന്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടിലും പോലീസിനു രൂക്ഷവിമര്‍ശനം.

തൂങ്ങിമരിച്ച വാസുദേവന്റെ വീട്ടിലെത്തി പോലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ ശ്രീജിത്ത് വീടാക്രമണ സംഘത്തിലുണ്ടായിരുന്നില്ലെന്നു വാസുദേവന്റെ മകന്‍ വിനീഷ് ആവര്‍ത്തിച്ചു. ശ്രീജിത്തും വിനീഷും കൂട്ടുകാരായിരുന്നു. വീട് ആക്രമണക്കേസില്‍ ഉള്‍പ്പെട്ടയാള്‍ തുളസിദാസാണ്.

ശ്രീജിത്ത് എന്നു വിളിക്കുന്ന ഇയാള്‍ രണ്ടാം പ്രതിയാണെങ്കിലും പിടികൂടിയിട്ടില്ല.വീടാക്രമിക്കാനെത്തിയ സംഘത്തില്‍ ശ്രീജിത്തിനെ കണ്ടെന്നു പറയുന്ന പരമേശ്വരന്‍ ഈ സമയത്ത് വരാപ്പുഴയില്‍ ജോലിയിലായിരുന്നു. അതിരാവിലെ ജോലിക്കു പോകുന്ന പരമേശ്വരന്‍ സാധാരണ വൈകിട്ടാണു തിരിച്ചെത്തുക. പിന്നെ ഇയാള്‍ എങ്ങനെ ശ്രീജിത്തിനെ കണ്ടു എന്നതാണു നാട്ടുകാരുടെ ചോദ്യം.

 

Related posts