ആലപ്പുഴ: ഉപയോഗ ശൂന്യമായതിനെത്തുടർന്ന് മത്സ്യസംസ്കരണ കേന്ദ്രത്തിൽ നിന്നും തിരിച്ചയച്ച ചീഞ്ഞ മത്സ്യം റോഡിൽ തള്ളി. ആലപ്പുഴ- ചേർത്തല കനാലിന് പടിഞ്ഞാറെ കരയിലെ റോഡിൽ സെന്റ് മേരീസ് സ്കൂളിന് എതിർവശത്തായാണ് മത്സ്യം തള്ളിയത്.
ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. പ്രദേശത്തെ തെരുവ് വിളക്കുകൾ തകരാറിലായതിനാൽ മത്സ്യം ഇത്തരത്തിൽ തള്ളിയത് അറിയാതെത്തിയ ഇരുചക്രവാഹനയാത്രക്കാർ തെന്നിവീണതോടെയാണ് സംഭവം സമീപ വാസികൾ അറിഞ്ഞത്.
ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ട്രോൾ റൂമിൽ നിന്നും പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നിയന്ത്രിച്ചതിനാലാണ് അപകടങ്ങളൊഴിവായത്. ആറാട്ടുവഴിയിലെ മത്സ്യസംസ്കരണ കേന്ദ്രത്തിലേക്ക് തണ്ണീർമുക്കം ഭാഗത്തുനിന്നുമെത്തിച്ച കരിങ്കൂരി ഇനത്തിൽപ്പെട്ട മത്സ്യമാണ് റോഡിൽ ഉപേക്ഷിക്കപ്പെട്ടത്.
മത്സ്യം ഉപയോഗ ശൂന്യമായതിനാൽ സംസ്കരണ കേന്ദ്രത്തിൽ സ്വീകരിക്കാതെ കൊണ്ടുവന്ന പെട്ടി ഓട്ടോയിൽ തന്നെ തിരിച്ചയച്ചിരുന്നു. ഈ മീനാണ് റോഡിൽ ഉപേക്ഷിച്ചത്. മത്സ്യത്തിന് മുകളിലൂടെ വാഹനങ്ങൾ കടന്നുപോയതോടെ 200 മീറ്ററിലധികം വരുന്ന റോഡിൽ മത്സ്യ അവശിഷ്ടങ്ങൾ നിരന്നു. രൂക്ഷ ഗന്ധവും പ്രദേശത്ത് പരന്നു.
സംസ്കരണ കേന്ദ്രവുമായി പോലീസ് ബന്ധപ്പെട്ടതിനെത്തുടർന്ന് ജീവനക്കാരെത്തി റോഡിൽ വിതറിയ മത്സ്യം വാരി തിരികെ കൊണ്ടുപോയി. മത്സ്യം റോഡിൽ തള്ളിയവരെ കണ്ടെത്താനുള്ള നടപടികൾ നോർത്ത് പോലീസ് ആരംഭിച്ചിട്ടുണ്ട്.