വണ്ടിത്താവളം: പാട്ടികുളം അപകടവളവിൽ ഇന്നലെ രണ്ടു ലോറികൾ അപകടത്തിൽപ്പെട്ടു. ലോറി ഇടിച്ചതിൽ രണ്ടു ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. സംഭവ സമയത്തുണ്ടായ ശക്തമായ മഴയാണ് അപകടത്തിനു കാരണമായത്. പൊള്ളാച്ചിയിൽ നിന്നും തൃശൂരിലേക്കു പോവുകയായിരുന്ന ടാങ്കറാണ് ആദ്യം അപകടത്തിൽപ്പെട്ടത്. പാട്ടികുളം അപകടവളവിൽ നിന്നും തെന്നിമാറിയ ടാങ്കർ ഇലക്ട്രിക് പോസ്റ്റ് തകർത്ത് മുൻ ഭാഗത്തുള്ള മൂലത്തറ കനാലിലേക്ക് ഇറങ്ങിയെങ്കിലും ഡ്രൈവറുടെ മനഃസാനിധ്യത്തോടെയുള്ള നിയന്ത്രണമാണ് വാഹനം മറിയുന്നത് ഒഴിവാക്കിയത്.
അപകടവിവരമറിഞ്ഞ് പാട്ടികുളംജംഗ്ഷനിൽ നിന്നും അന്പതോളം പേർ രക്ഷാപ്രവർത്തനെത്തി. ലോറിയുടെ പിൻ ചക്രത്തിൽ കരിങ്കല്ലുകൾ നിരത്തി വാഹനം കനാലിൽ മറിയുന്നതു ഒഴിവാക്കി. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആദ്യ അപകടം കഴിഞ്ഞ് പത്തു മിനിറ്റിനകമാണ് രണ്ടാമത്തെ അപകടം നടന്നത്.
കോയന്പത്തൂരിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ലോറി റോഡിൽകൂടിനിന്ന ജനത്തെ കണ്ട് പെട്ടെന്നു വണ്ടി നിർത്താൻ ശ്രമിച്ചതോടെ വലതു വശത്തേക്ക് പാഞ്ഞു. 150 മീറ്റർ മുന്നോട്ടു പാഞ്ഞ് രണ്ടു മരങ്ങൾക്കിടയിലൂടെ ചെന്ന് മണ്തിട്ടയിൽ ഇടിച്ചുനിന്നു.
ഡ്രൈവർക്ക്് കൈകാലുകൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ ഇതിലുണ്ടായിരുന്ന സിമന്റ് ഇറക്കി മറ്റൊരു ലോറിയിൽ കയറ്റിവിട്ടു.
അപകടത്തിൽപ്പെട്ട ലോറി പുറത്തെടുക്കാൻ ക്രെയിൻ എത്തിച്ചിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അന്പതോളംപേർ രക്ഷപ്പെട്ടതു ഭാഗ്യം തുണച്ചതുകൊണ്ടുമാത്രമാണ്. എസ് ആകൃതിയിൽ കുത്തനെയുള്ള വളവാണിത്. അറുപതിലധികം അപകടങ്ങൾക്ക് ഇവിടെ നടന്നിട്ടുണ്ട്. 18 പേർ മരണപ്പെട്ടിട്ടുമുണ്ട്. വളവുനികത്താൻ പൊതുമരാമത്ത് അധികൃതർ നിസഹരിക്കുന്നതിൽ പൊതുജന പ്രതിഷേധവും ശക്തമാണ്.