മഞ്ചേരി: മഞ്ചേരിയിൽ ആറു ലക്ഷം രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോയന്പത്തൂർ പി.എൻ പുത്തൂർ മുത്തയ്യ നഗർ രാജരാജേശ്വരി എസ്റ്റേറ്റ് റൈറ്റ് അപ്പാർട്ടുമെന്റ് ബെന്നിൽസാം (22) നെയാണ് മഞ്ചേരി എസ്ഐ കറുത്തേടത്ത് അബ്ദുൾജലീൽ, അഡീഷണൽ എസ്ഐ കെ.പി അബ്ദുറഹ്മാൻ എന്നിവർ അറസ്റ്റ് ചെയ്തത്.
പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരടങ്ങുന്ന സംഘം കോയയന്പത്തൂരിൽ വച്ചാണ് കേസിലെ മുഖ്യസൂത്രധാരനായ ബെന്നിൽ സാമിനെ പിടികൂടിയത്. 2017 സെപ്തംബർ 20നു ആറു ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ സഹിതം മൂന്നു പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ നായാടിക്കുന്ന് ലക്ഷംവീട് കോളനിയിലെ മെരുംപടലി പിലാക്കൽ വീട്ടിൽ മുഹമ്മദ് ഷരീഫ് (35), കാഞ്ഞിരംപാറ കർക്കിടാംകുന്ന് കൂരനകത്ത് വീട്ടിൽ ഷബീറലി (36), കോഴിക്കോട് കൊയിലാണ്ടി വടക്കെക്കുനി വീട്ടിൽ സക്കറിയ (39) എന്നിവരെയെണ്് അറസ്റ്റ് ചെയ്തിരുന്നത്.
തുടർന്നു സെപ്തംബർ 25ന് മറ്റൊരു പ്രതിയായ കോഴിക്കോട് എലത്തൂർ ചെട്ടിക്കുളം കരിക്കലക്കണ്ടി മുഹമ്മദ് മുസ്താഖ് (24), ഡിസംബർ 18നു എടപ്പാൾ കാലടി കണ്ടനകം നടുത്തൊടിയിൽ സലാമു (43), പൊന്നാനി കടവനാട് കൊല്ലൻറെപടി മുക്രിയം എന്ന കറുപ്പൻ വീട്ടിൽ അബ്ദുൾ നാസർ (42) എന്നിവരും പിടിയിലായിരുന്നു.
ഈയിടെ റിസർവ് ബാങ്ക് പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളാണ് പ്രതികൾ നിർമിക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ വീടുകൾ വാടകക്കെടുത്താണ് പ്രതികൾ വ്യാജ നോട്ടുകൾ നിർമിക്കുന്നത്. ഇത്തരത്തിൽ 30 ലക്ഷത്തോളം രൂപയുടെ വ്യാജ കറൻസികൾ പ്രതികൾ നിർമിച്ചു വിതരണം ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു.
കേസിലെ ഒന്പതാം പ്രതിയായ ബെന്നിൽ സാമിനെ ഇന്നലെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ.വി റാഫേൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.