മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വീണ്ടും റിക്കാർഡിൽ. ഏപ്രിൽ ആറിന് അവസാനിച്ച ആഴ്ചയിൽ ശേഖരത്തിൽ 50.36 കോടി ഡോളർ വർധിച്ചു. ഇതോടെ ശേഖരം 42,486.47 കോടി ഡോളർ (27.61 ലക്ഷം കോടി രൂപ) ആയി.
ഒരുവർഷംകൊണ്ടു ശേഖരത്തിലുണ്ടായ വർധന 5586.64 കോടി ഡോളറാണ്. ഇപ്പോൾ പതിനൊന്നു മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം രാജ്യത്തിനുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണു ശേഖരം 40,000 കോടി ഡോളർ കടന്നത്. വിദേശ കറൻസിയിലുള്ള കടപ്പത്രങ്ങൾ, സ്വർണം, അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യിലെ റിസർവ്, ഐഎംഎഫ് നാണ്യമായ എസ്ഡിആർ എന്നിവ ചേർന്നതാണു വിദേശനാണ്യ ശേഖരം.
കറൻസി മൂല്യം
ഏപ്രിൽ ആറിനു രാജ്യത്തു പ്രചാരത്തിലുള്ള കറൻസിയുടെ ആകെ മൂല്യം 18.43 ലക്ഷം കോടി രൂപയായി. ഇതു കറൻസി നിരോധനത്തിനു മുന്പുള്ള കറൻസി മൂല്യത്തേക്കാൾ 60,000 -ൽപരം കോടി രൂപ അധികമാണ്.