അപമാനങ്ങള്‍ ഏറ്റുവാങ്ങാന്‍ കുമ്മനത്തിന്റെ ജീവിതം ഇനിയും ബാക്കി എന്നാണിപ്പോള്‍ സോഷ്യല്‍മീഡിയ പറയുന്നത്. രാജ്യത്ത് ഇത്ര വലിയൊരു ക്രൂരസംഭവം അരങ്ങേറിയപ്പോഴും അതുപോലും ശത്രുവിനെതിരെയുള്ള ആയുധമാക്കാന്‍ ശ്രമിക്കുന്നത് എത്രമാത്രം അപഹാസ്യകരമാണെന്നാണ് ആളുകള്‍ ചോദിക്കുന്നത്. സംഭവമിങ്ങനെ…
കാഷ്മീരിലെ കഠുവയില്‍ സംഘപരിവാര്‍ അരും കൊല ചെയ്ത ആസിഫയുടെ ഫോട്ടോ ഷെയര്‍ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖര്‍ ഇന്നലെ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്, ഇത്തരം കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമം നല്കുന്ന അവകാശം പിണറായി വിജയന് ലംഘിച്ചിരിക്കുകയാണ്. ഇത് ഇരയെ അപമാനിക്കലാണ്. ഈ നിയമത്തെപ്പറ്റിയുള്ള അജ്ഞതമൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തതെന്നുമായിരുന്നു കുമ്മനത്തിന്റെ ആരോപണം.
എന്നാല്‍ 2016 മെയ് 18 ന് കുമ്മനം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഫോട്ടോയും പേരും ചേര്‍ത്തു തന്നെയായിരുന്നു അത്. അന്ന് അദ്ദേഹം ഇട്ട പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്…
‘പെരുമ്പാവൂരില്‍ ജിഷ എന്ന ദളിത് പെണ്‍കുട്ടി ദാരുണമായ വിധം കൊല ചെയ്യപ്പെട്ടിട്ട് ഇപ്പോള്‍ ഏറെ ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതുവരെ പ്രതിയെ കണ്ടുപിടിക്കാന്‍ പോലീസിനായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള വലിയൊരു പോലീസ് സംഘത്തെ തന്നെ അന്വേഷണത്തിനു നിയോഗിച്ചിട്ടും കേസില്‍ പുരോഗതി ഉണ്ടാകുന്നില്ലെന്നത് ദുരൂഹമാണ്. പോലീസിന്റെ അന്വേഷണം തടസപ്പെടുത്താന്‍ തല്പരകക്ഷികള് ശ്രമിക്കുന്നുണ്ടെന്നു ന്യായമായും കരുതാവുന്നതാണ്’.
കുമ്മനം അന്ന് ഇരയായ പെണ്‍കുട്ടിയുടെ പേര് വ്യക്തമായി എടുത്ത് പറഞ്ഞിരുന്നല്ലോ, അതും കേസെടുക്കേണ്ട കുറ്റമല്ലേ, ഇരയായ പെണ്‍കുട്ടിയെ അപമാനിക്കലല്ലേ, എന്ന് ചോദിച്ചായിരുന്നു ട്രോളന്മാരുടെ ആക്രമണം. വലിയ രീതിയിലുള്ള പ്രതിഷേധമാണ് കുമ്മനത്തിന്റെ അവസരം മുതലാക്കിയുള്ള പോസ്റ്റിനുനേരെ ആളുകള്‍ കമന്റുകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.