കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർമാരുടെ മൊഴി പുറത്ത്. ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവിന്റെ പഴക്കം മൂന്ന് ദിവസം മാത്രമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ മൊഴി നൽകി. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയത്.
ഇതോടെ അന്യായമായി തടങ്കലിൽവച്ചെന്ന വകുപ്പും എഫ്ഐആറിൽ ഉൾപ്പെടുത്തി. ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് ശ്രീജിത്ത് മരണത്തിനു കാരണമായതെന്ന് ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു. വെള്ളിയാഴ്ച ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം ശ്രീജിത്തിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം നരഹത്യയ്ക്കുള്ള വകുപ്പുകൾ ചേർത്ത് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. സംഭവത്തിൽ ഇതുവരെ ഏഴു പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും റിപ്പോർട്ടിൽ ആരെയും പ്രതിയാക്കിയിട്ടില്ല. തിങ്കളാഴ്ചയാണ് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ശ്രീജിത്ത് മരിച്ചത്.