കോട്ടയം: ജില്ലാ പോലീസ് മേധാവിയുടെ ക്രൈം കോണ്‍ഫറൻസ് വിവരങ്ങൾ പുറത്തായതിനെതിരേ അന്വേഷണം. രഹസ്യസ്വഭാവത്തോടെ കാണേണ്ട യോഗതീരുമാനങ്ങൾ പുറത്തായതോടെ ഇതെപ്പറ്റി അന്വേഷിക്കാൻ എസ്പിയുടെ പ്രത്യേകടീമിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയതായി അറിയുന്നു. വളരെ ഗൗരവത്തോടെയാണു ജില്ലാ പോലീസ് മേധാവി വിഷയത്തെ കാണുന്നത്.
കഴിഞ്ഞ 11നായിരുന്നു ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗം വിളിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണു ജില്ലാ പോലീസ് മേധാവി യോഗത്തിൽ സംസാരിച്ചത്. പോലീസുകാരുടെ പെരുമാറ്റം നന്നാക്കാനുള്ള പദ്ധതിയും ഉൾപ്പെടുത്തിയായിരുന്നു യോഗം. ഡിവൈഎസ്പി മുതൽ എസ്ഐമാർ വരെയുള്ളവർക്ക് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ക്ലാസെടുത്തു.
വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായിട്ടും ജില്ലയിൽ കേസുകൾ കുറയുന്നുവെന്ന് ജില്ലാ പോലീസ് മേധാവി യോഗത്തിൽ കുറ്റപ്പെടുത്തി. പതിവ് ക്രൈം കോണ്ഫറൻസായിരുന്നെങ്കിലും പോലീസുകാർക്കു പഠനക്ലാസായി മാറിയതോടെ ഒരുവിഭാഗം ഉദ്യോഗസ്ഥർക്ക് അമർഷത്തിനിടയാക്കി. പോലീസിന്റെ പെരുമാറ്റത്തെപ്പറ്റി സംസ്ഥാന വ്യാപകമായി പരാതി ഉയർന്നിരുന്നു. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് എസ്പിമാർ നേരിട്ട് നിർദേശം നൽകണമെന്ന് ഐജിയുടെ വീഡിയോ കോണ്‍ഫറൻസിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണു ക്രൈം കോണ്‍ഫറൻസ് ചേർന്നത്. ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിക്കാൻ എസ്പി നേരിട്ടിറങ്ങിയത്. ജില്ലയിലെ അഞ്ച് ലോ ആൻഡ് ഓർഡർ ഡിവൈഎസ്പിമാരും മറ്റുവിഭാഗങ്ങളിൽനിന്നുള്ള ഡിവൈഎസ്പിമാരും ജില്ലയിലെ 13 സിഐമാരും എസ്ഐമാരുമാണു ക്രൈം കോണ്‍ഫറൻസിൽ പങ്കെടുത്തത്. സംസ്ഥാന വ്യാപകമായി പോലീസ് ലഹരി മരുന്നു വേട്ട നടത്തുന്പോൾ, ജില്ലയിൽ കേസുകളുടെ എണ്ണം കുറവാണെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടുണ്ടായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡിന്റെ പ്രവർത്തനത്തിൽ വീഴ്ച വന്നതായും ആരോപണമുണ്ട്. ക്രൈം സ്ക്വാഡ് നിർജീവമാണെന്നും ഡിവൈഎസ്പിമാരും സിഐമാരും സ്ക്വാഡിനെ വേണ്ട രീതിയിൽ വിനിയോഗിക്കുന്നില്ലെന്നും ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി.ഉച്ചകഴിഞ്ഞു രണ്ടിനു ജില്ലാ പോലീസ് മേധാവി രൂക്ഷവിമർശനം ചില ഉദ്യോഗസ്ഥർക്കെതിരെ ഉയർത്തി.
പോലീസിന്റെ പെരുമാറ്റത്തെപ്പറ്റി പരാതി വ്യാപകമായതോടെ കഴിഞ്ഞ ആഴ്ച സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് രംഗത്തിറങ്ങിയതും ചർച്ചയായിരുന്നു. എല്ലാ പോലീസുകാർക്കും ഒരു മണിക്കൂർ ക്ലാസെടുക്കണമെന്നായിരുന്നു ബെഹ്റയുടെ നിർദേശം. ഈ ക്ലാസ് നടത്തിയിട്ടും വീണ്ടും പ്രശ്നങ്ങൾ തുടരുകയാണ്.
മേലുദ്യോഗസ്ഥർ മോശമായി പെരുമാറുന്നതായി പരാതി
കോട്ടയം: ഉന്നത പോലീസ് ഉദ്യോഗസ്ഥർ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നതായി ആരോപണം. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ പോലീസ് മേധാവിയുടെ യോഗത്തിലാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എസ്ഐമാർ രംഗത്തെത്തിയത്. എസ്ഐമാർ മുതൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ വരെ മോശമായി ചിത്രീകരിക്കുന്നതായും പെറ്റിക്കേസുകളുടെ എണ്ണം കുറയുന്നതിനെതിരെ അസഭ്യം പറയുന്നതുവരെ നടക്കുന്നുവെന്നും ആരോപണം ഉയർന്നത്.
ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്പോൾ ഞങ്ങൾക്ക് നല്ലപിള്ള ചമയാൻ കഴിയില്ലെന്നും ഒരു എസ്ഐയുടെ കമന്റുണ്ടായി. ഉന്നത ഉദ്യോഗസ്ഥർ സിഐ, എസ്ഐ, സിപിഒമാരെ കാരണം കൂടാതെ അസഭ്യം പറയുന്നത് അവസാനിപ്പിക്കണമെന്നും രാവിലെ ഉദ്യോഗസ്ഥരിൽനിന്നും മോശമായ പെരുമാറ്റം കേട്ട് ജോലി ആരംഭിക്കാനാവില്ലെന്നും ചർച്ചയുണ്ടായി.
ദിവസും രാവിലെ ഏഴു മുതൽ ഒന്‍പത് വരെ ഒരു സ്റ്റേഷനിലും ജോലി നടക്കാറില്ല. റിപ്പോർട്ടിംഗിന്റെ സമയമാണ്. ജില്ലാ പോലീസ് മേധാവി മുതൽ എസ്ഐമാർ വരെയുള്ള എല്ലാ ഉദ്യോഗസ്ഥരും ഈസമയം വയർലസ് സെറ്റിലുണ്ടാകും. കേസുകളുടെ റിപ്പോർട്ടിംഗ് സമയത്ത് കേൾക്കുന്നത് അസഭ്യമാണെന്ന് പറയുന്നു.
പെറ്റിക്കേസുകളുടെയും അന്വേഷണത്തിലെ വീഴ്ചകൾക്കുവരെ സഭ്യമല്ലാത്ത ഭാഷയിലാണു ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നുമാണു ആരോപണം. ഇതിനുശേഷം ജോലിക്കിറങ്ങുന്ന പോലീസുമാർ ജനങ്ങളോട് എങ്ങനെ നല്ലരീതിയിൽ പെരുമാറുമെന്നാണു പോലീസുകാർ ചോദിക്കുന്നത്.