നൗഷാദ് മാങ്കാംകുഴി
ചാരുംമൂട്: തീവ്രവാദിയായി മുദ്രകുത്തി വെടിവച്ചുകൊന്ന മകന്റെ നിരപരാധിത്വം തെളിയിക്കാൻ വർഷങ്ങളുടെ നിയമ പോരാട്ടം നടത്തിയ പിതാവ് യാത്രയായി. ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ്കുമാർ എന്ന ജാവേദ് ഗുലാം ഷെയ്ക്കിന്റെ പിതാവ് മാവേലിക്കര താമരക്കുളം കൊട്ടക്കാട്ടുശേരി മണലാടി തെക്കേതിൽ ഗോപിനാഥപിള്ള (72 ) ആണ് ഒടുവിൽ മകന് ഘാതകരുടെ ശിക്ഷാവിധി കേൾക്കാൻ കാത്തുനിൽക്കാതെ യാത്രയായത്.
എറണാകുളത്തേക്കുള്ള യാത്രാമധ്യേ ഗോപിനാഥപിള്ള സഞ്ചരിച്ച കാറിൽ ടാങ്കർ ലോറിയിടിച്ചതിനെത്തുടർന്ന് ഗുരുതര പരിക്കേൽക്കുകയും ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണം സംഭവിക്കുകയുമായിരുന്നു. 2004 ജൂൺ 14ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ തീവ്രവാദികൾ എന്നാരോപിച്ചാണ് ഗോപിനാഥപിള്ളയുടെ മകൻ പ്രാണേഷ്കുമാർ ഉൾപ്പടെ നാലുപേരെ പോലീസ് വെടിവച്ചുകൊന്നത്.
മകൻ നഷ്ടപ്പെട്ട വേദനയിൽ ഹൃദയം തകർന്ന ഗോപിനാഥപിള്ള തീവ്രവാദിയായ മകന്റെ പിതാവ് എന്ന പേരിലും അപമാനിക്കപ്പെട്ടു.ഒടുവിൽ തളരാത്ത മനസുമായി ഗോപിനാഥപിള്ള പത്തു വർഷത്തിലേറെയായി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് മകന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടത്. ഗുജറാത്തിൽ നടന്നതു വ്യാജ ഏറ്റുമുട്ടലാണെന്നും പ്രാണേഷ് കുമാർ തീവ്രവാദിയല്ലെന്നും സിബിഐ ഒടുവിൽ കണ്ടെത്തി.
ഗുജറാത്തിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേരെ പിന്നീട് അറസ്റ്റ് ചെയ്യുകയും സിബിഐ കോടതിയിൽ കുറ്റപത്രം നൽകുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തിൽ ഉന്നതരുടെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന ആവശ്യവുമായി മരണം വരെ പോരാടുമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഗോപിനാഥപിള്ള.
സമൂഹം ഒന്നടങ്കം ഗോപിനാഥപിള്ളയുടെ പോരാട്ടത്തിനു പിന്തുണയുമായി രംഗത്തെത്തി. ഇതിനിടെ, ചില ഭീഷണികൾ നേരിടേണ്ടി വന്നെങ്കിലും നീതിക്കായുള്ള പോരാട്ടത്തിൽ അദ്ദേഹം ഉറച്ചുനിന്നു. വ്യാജ ഏറ്റുമുട്ടൽ കേസ് ഇപ്പോൾ വിചാരണ നടപടികളുമായി സിബിഐ കോടതിയുടെ പരിഗണനയിലാണ്.