ആലുവ: ആലുവയിൽ റെയിൽ പാളത്തിൽ യുവതിയേയും യുവാവിനെയും ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിയോടെ ആലുവ തുരുത്തിന് സമീപമുള്ള റെയിൽ പാളത്തിലായിരുന്നു സംഭവം.
ശ്രീമൂലനഗരം കല്ലയം ഏട്ടാപ്പിള്ളിവീട്ടിൽ സി.കെ രാഗേഷ് (32), ശ്രീമൂലനഗരം എടനാട് സ്വദേശി ശ്രീകല (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലംബർ ജോലിക്കാരനായ രാഗേഷ് അവിവാഹിതനാണ്. രണ്ടുകുട്ടികളുടെ മാതാവാണ് ശ്രീകല.
പ്രണയത്തിലായിരുന്ന ഇവരെ ഇന്നലെ രാത്രി മുതൽ കാണാതാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുരുത്ത് ഭാഗത്ത് ബൈക്കിലെത്തിയ ഇരുവരും ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നുവെന്നാണ് സൂചന. രാഗേഷിന്റെ കൈയിൽ നിന്നും ബൈക്കിന്റെ താക്കോൽ പോലീസ് കണ്ടെടുത്തു.
ഇടിയുടെ ആഘാതത്തിൽ തലഭാഗം ചിതറിത്തെറിച്ച നിലയിലായിരുന്നു. ആലുവ ഈസ്റ്റ് പോലീസ് തുടർ നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.