കോട്ടയം: കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ ഫ്ളക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. പുതുപ്പള്ളി മുതൽ കോട്ടയം വരെയുള്ളതും മണർകാട് മുതൽ കോട്ടയം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച ഫ്ളക്സ് ബോർഡാണു നശിപ്പിച്ചത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി സമയങ്ങളിലാണു സംഭവം. വടിവാൾ പോലെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ഫ്ളക്സിലെ ചിത്രങ്ങൾ വെട്ടിമാറ്റിയ നിലയിലാണ്.
സംസ്ഥാന വ്യാപകമായി കെ. മുരളീധരന്റെ നേതൃത്വത്തിൽ ആരംഭിച്ച കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ ജില്ലാ ഫോറം ഒരുവർഷം മുന്‍പാണു കോട്ടയത്ത് തുടങ്ങിയത്. കെ. മുരളീധരനോട് അടുപ്പമുള്ളവരും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുമായ പ്രവർത്തകരാണ് സ്റ്റഡി സെന്ററിൽ പ്രവർത്തിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വിഷയങ്ങളാണു ഫ്ളക്സ് ബോർഡ് വിവാദങ്ങളിലും ഉയരുന്നതെന്ന് പറയുന്നു.
വാഹനത്തിലെത്തിയവരാണു ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതെന്ന് സ്റ്റഡി സെന്റർ ഭാരവാഹികൾ പറഞ്ഞു. ഇവരെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രയ്ക്കും കെ. കരുണാകരൻ സ്റ്റഡി സെന്റർ ചെയർമാനായി കെ. മുരളീധരൻ ചുമതലയേറ്റതിവനും അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ച ബോർഡുകളാണു നശിപ്പിച്ചവയിലേറെയും.
ഫ്ളക്സ് നശിപ്പിച്ചതിനെതിരെ കെ. കരുണാകരൻ സ്റ്റഡി സെന്റർ ഭാരവാഹികൾ ജില്ലാ പോലീസ് ചീഫിനു പരാതി നൽകി. പോലീസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ. കരുണാകരൻ സ്റ്റഡി സെന്റർ ഭാരവാഹി വിനോദ് പെരുഞ്ചേരി ആവശ്യപ്പെട്ടു.