കളമശേരി: സപ്ലൈകോയുടെ കളമശേരിയിലെ മാവേലി സ്റ്റോറിൽ ചുമട്ടുതൊഴിലാളികൾ അമിതകൂലി ചോദിച്ചതിനെത്തുടർന്ന് വിഷു വിൽപനയ്ക്കായി കൊണ്ടുവന്ന ചരക്ക് ഇറക്കിയില്ല. ഇതേത്തുടർന്ന് ഇവിടെനിന്നു പലചരക്ക് സാധനങ്ങൾ വാങ്ങാനെത്തിയവർ തിരിച്ചു പോയി.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ഒരു ലോഡ് പലചരക്ക് സാധനങ്ങളുമായി സൗത്ത് കളമശേരിയിൽ ലോറിയെത്തിയത്. എന്നാൽ വിഷു പ്രമാണിച്ച് സാധാരണ ലോഡ് ഇറക്കുന്നതിലും 450 രൂപ അധികം നൽകണമെന്നു ചുമട്ടുതൊഴിലാളികൾ അവശ്യപ്പെട്ടു. എന്നാൽ സർക്കാർ അനുവദിക്കുന്ന തുക മാത്രമേ നൽകാനാകൂയെന്ന് മാവേലി സ്റ്റോർ അധികൃതർ പറഞ്ഞു.
ഈ തുകയ്ക്ക് ലോഡ് ഇറക്കാൻ തങ്ങൾ തയാറല്ലെന്നു തൊഴിലാളികൾ നിലപാടെടുത്തതോടെ സാധനങ്ങൾ ഇറക്കാൻ ഇന്നലെ രാത്രി വരെ കഴിഞ്ഞില്ല. ബില്ലില്ലാതെ ഒരു രൂപയെങ്കിലും നൽകണമെങ്കിൽ സ്വന്തം കൈയിൽ നിന്ന് നൽകകേണ്ടി വരുമെന്നതിനാൽ ജീവനക്കാരും വഴങ്ങിയില്ല.
സന്ധ്യ വരെ കാത്തുനിന്ന ഉപഭോക്താക്കൾ മടങ്ങിപ്പോവുകയും ചെയ്തു. ഐഎൻടിയുസി, സിഐടിയു, എസ്ടിയു എന്നീ യൂണിയനുകളിൽ പെടുന്നവരാണ് ഈ മേഖലയിലെ ചുമട്ട് തൊഴിലാളികൾ. മാവേലി സ്റ്റോറിൽ പലവ്യഞ്ജനങ്ങളില്ലാത്തത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്.