തെന്മല: തമിഴ്നാട്ടിൽ നിന്നും കടത്താൻ ശ്രമിച്ച നാലര കിലോ കഞ്ചാവുമായി മുൻ പോലീസ് ഉദ്യോഗസ്ഥനടക്കം നാല് പേരെ തെന്മല പോലീസ് പിടികൂടി. മുൻ പോലീസ് ഉദ്യോഗസ്ഥനായ ചന്ദനത്തോപ്പ് സ്വദേശി പുഷ്പരാജൻ (41), കേരളപുരം സ്വദേശി സുനിൽ എന്ന ബെല്ലാരി സുനിൽ (40), കുണ്ട റ ആറുമുറിക്കട സ്വദേശി മുഹമ്മദ് ഷെറിൻ (22), ലാലു എന്ന രാജേഷ് (35) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ തെന്മല ഡിപ്പോ ജംഗ്ഷന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് രണ്ടര ലക്ഷത്തോളം രൂപാ വിലവരുന്ന കഞ്ചാവുമായി പ്രതികൾ പിടിയിലായത്.
ആശ്രിത നിയമനത്തിലൂടെ പോലീസ് സേനയിൽ പ്രവേശിച്ച പുഷ്പരാജൻ അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ട ു വർഷമായി സേനയിൽ നിന്നും പുറത്താക്കപ്പെട്ട ആളാണ്. സുനിൽ മുന്പും കഞ്ചാവ് കേസുകളിൽ പിടിയിലായിരുന്നു.
എസ് ഐ മാരായ നിസാർ, മസൂദ്, സുരേഷ്, ഗ്രേഡ് എസ് ഐ രഘു, സിവിൽ പോലീസ് ഓഫീസർ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.