തൃശൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടവർ ചേർന്ന് രൂപീകരിച്ച ചാരിറ്റബിൾ ട്രസ്റ്റ് സമൂഹത്തിന് മാതൃകയാകുന്നു. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച സദ്ഗമയ സത്സംഗവേദി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആണ് സേവനപാതയിൽ പുതിയ അധ്യായം കുറിക്കുന്നത്.
ഗുരുതരമായ വൃക്കരോഗം ബാധിച്ച പൂങ്കുന്നം സ്വദേശി സുധീർ, വാഹനാപകടത്തിൽ പരുക്കേറ്റു കഴിയുന്ന ജയകൃഷ്ണൻ എന്നിവർക്കുള്ള ധനസഹായവിതരണത്തോടെയാണ് ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലറും പിഎസ്സി ചെയർമാനുമായിരുന്ന ഡോ.കെ.എസ്. രാധാകൃഷ്ണൻ ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വെബ്സൈറ്റിന്റെ പ്രകാശനം ഹൈക്കോടതി അഭിഭാഷകനായ ശ്രീദത്തും, ലോഗോ പ്രകാശനം മാധ്യമപ്രവർത്തകനായ ബാലഗോപാലും നിർവഹിച്ചു. തുടർന്ന് നടന്ന ട്രാഫിക് ബോധവൽക്കരണ ക്ലാസിന് എറണാകുളം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി ദിലീപ്കുമാർ നേതൃത്വം നൽകി.
2012ൽ രൂപീകൃതമായ വാട്സ്ആപ് ഗ്രൂപ്പ് ആയ പാഞ്ചജന്യത്തിലൂടെ പരിചയപ്പെട്ടവർ ആണ് ആറുവർഷത്തിനു ശേഷം സമൂഹത്തിനു മാതൃകയാകുന്ന പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സദ്ഗമയ സത്സംഗവേദി മാനേജിങ് ട്രസ്റ്റി രാജേഷ് ട്രസ്റ്റ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരി എസ്. നായർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രശാന്ത് തയ്യിൽ നന്ദിയും പറഞ്ഞു.