ജമ്മു കാഷ്മീരിലെ കഠുവയില്‍ എട്ടുവയസുകാരി പെണ്‍കുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ചുകൊണ്ട് കമന്റിട്ട വിഷ്ണു നന്ദകുമാര്‍ എന്ന യുവാവിന് കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. സോഷ്യല്‍മീഡിയ ഒന്നാകെ ഇയാള്‍ക്കെതിരെ തിരിഞ്ഞതിന്റെ ഫലമായി കോടക് മഹീന്ദ്ര ബാങ്കിലെ ഇയാളുടെ ജോലി പോലും നഷ്ടമായി.
അയാളും കുടുംബവും ഒളിവിലും പോയി. എന്നാല്‍ കഠുവയിലെ ക്രൂരതയ്ക്കിരയായ പെണ്‍കുട്ടിയെ അപമാനിച്ചു കൊണ്ട് വിഷ്ണു നന്ദകുമാര്‍ എന്ന യുവാവ് പോസ്റ്റിട്ടതോടെ കഷ്ടത്തിലായത് കേരളത്തിലെ ഇതേ പേരുള്ള മറ്റനേകം വിഷ്ണു നന്ദകുമാര്മാരാണ്.
സംഭവിച്ചതിതാണ്…പെണ്‍കുട്ടി മരിച്ചത് നന്നായി എന്ന തരത്തിലായിരുന്നു വിഷ്ണു നന്ദകുമാര്‍ എന്ന യുവാവ് കമന്റിട്ടത്. ക്രൂര കൊലപാതകത്തെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് വന്‍ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായത്. ഇതോടെ വിഷ്ണു തന്റെ പേജ് ഡീ ആക്ടിവേറ്റ് ചെയ്തിരുന്നു.
ഇതോടെ വിഷ്ണു അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്തിരുന്ന കൊട്ടാക് മഹീന്ദ്ര ബാങ്കിനെതിരേയും സൈബര്‍ ആക്രമണമുണ്ടായി. ഇതിനെല്ലാം പുറമെയാണ് കമന്റിട്ട ആളാണെന്ന തെറ്റിദ്ധാരണയില്‍ കേരളത്തിലെ മറ്റനേകം വിഷ്ണു നന്ദകുമാര്മാര്ക്ക് അധിക്ഷേപവാക്കുകള്‍ കേള്‍ക്കേണ്ടി വന്നത്.
തെറിവിളികള്‍ കടുത്തതോടെ പലരും തങ്ങളല്ല ആ വിഷ്ണു എന്ന പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഏതോ ഒരുത്തന് ഒരു കമന്റ് ഇട്ടെന്നു കരുതി ആ പേരുള്ള എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന മലയാളി മനസ്സിനെ പരിഹസിച്ചു കൊണ്ടാണ് പല നന്ദകുമാര്മാരും ഫേസ്ബുക്ക് പോസ്റ്റിട്ടത്. തെറിയഭിഷേകം ശക്തമായതോടെ പലരും പേര് മാറ്റുകയും അക്കൗണ്ട് കളയുകയും വരെ ചെയ്യുന്ന അവസ്ഥയെത്തിയിരിക്കുകയാണ്. ഒരു പേര് വരുത്തുന്ന വിനയേ..