കരുവാരക്കുണ്ട്: പ്രസിഡന്റ് പദം മോഹിച്ച് മുസ്്ലീം ലീഗുമായി കോണ്‍ഗ്രസ് വീണ്ടും ബന്ധം സ്ഥാപിക്കാനൊരുങ്ങേണ്ടെന്ന് മുസ്്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.അബ്ദുൾ റഹിമാൻ വ്യക്തമാക്കി. ലീഗിനെ തകർക്കാൻ പഞ്ചായത്തിൽ സിപിഎമ്മുമായി കോണ്‍ഗ്രസ് കൈകോർത്തതോടെ സമൂഹത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ ഒറ്റപെട്ടു പോയതായും അദ്ദേഹം പറഞ്ഞു.
അവിശുദ്ധ മുന്നണി പിരിച്ചുവിട്ട് കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചു വരുന്നതിനോട് ലീഗിന് എതിർപ്പില്ലന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ബന്ധം പിരിഞ്ഞ് ലീഗും കോണ്‍ഗ്രസും നേർക്കുനേർ അങ്കം വെട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ലീഗ് ഒൻപത്, കോണ്‍ഗ്രസ് ഏഴ്, സിപി എം അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ കൂടുതൽ സീറ്റ് നേടിയ മുസ്്ലീം ലീഗായിരുന്നു കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ ഭരണനേതൃത്വം വഹിച്ചുകൊണ്ടിരുന്നത്. എന്നാൽ ലീഗ് ഭരണ നേതൃത്വത്തിനെതിരേ കഴിഞ്ഞ നവംബറിൽ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎം പിന്തുണയോടെ പാസാകുകയും പഞ്ചായത്ത് ഭരണ നേതൃത്വത്തിൽ നിന്നും ലീഗിനെ മറിച്ചിടുകയുമായിരുന്നു.
കോണ്‍ഗ്രസുമായി മുന്നണി ബന്ധം സ്ഥാപിക്കുന്നതിനോട് യൂത്ത് ലീഗിലും മുറുമുറുപ്പ് ശക്തമാണ്. സിപിഎമ്മുമായി കോണ്‍ഗ്രസ് ബന്ധം സ്ഥാപിച്ചതിനെതിരേ കോണ്‍ഗ്രസിലും പ്രതിഷേധം അണപൊട്ടി ഒഴുകുകയാണ്. പഞ്ചായത്തിൽ ഭരണനേതൃത്വത്തിലിരിക്കുന്നടത്തോളം കാലം കരാർ മാഫിയകൾക്ക് അടിയറ വെക്കാതെയും ജനകീയ പ്രശ്നങ്ങൾക്ക് മുൻഗണന നൽകിയുള്ള ഭരണമായിരിക്കും കാഴ്ചവെക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് വ്യക്തമാക്കി.