കൊച്ചി: ജമ്മു കാഷ്മീരിലെ കഠുവ വില്ലേജിൽ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയെ അപകീർത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളിൽ പ്രതികരിച്ച യുവാവിനെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. നെട്ടൂർ സ്വദേശി കുഴിപ്പിള്ളിൽ വീട്ടിൽ വിഷ്ണു നന്ദകുമാറിനെതിരേ പനങ്ങാട് പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്. മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തെത്തുടർന്നു കൊട്ടക് മഹീന്ദ്ര ബാങ്ക് പാലാരിവട്ടം ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണു നന്ദകുമാറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ രാഷ് ട്രീയ സംഘടനകളുടെ പരാതിയിൻമേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കോണ്ഗ്രസ്, സിപിഎം, സിപിഐ എന്നിവ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ യുവാവിനെതിരേ രംഗത്തുവന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാവ് കുടുംബം സമേതം സ്ഥലത്തുനിന്നു മുങ്ങിയതായാണു പോലീസ് പറയുന്നത്.
വിഷ്ണുവിനെതേടി പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും വീട്ടുകാർ ആരും സ്ഥലത്തില്ലായിരുന്നുവെന്നും ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനായി കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി പത്തിനാണു കഠുവയിൽ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പെണ്കുട്ടിയെ മയക്കുമരുന്നു നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനുള്ളിൽ വച്ച് എട്ടോളം പേർ ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. പെണ്കുട്ടി കൊല്ലപ്പെട്ട വാർത്ത വന്നതിന്റെ താഴെ ’ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കിൽ നാളെ ഇന്ത്യയ്ക്കെതിരേ തന്നെ ബോംബായി വന്നേനെ’ എന്ന് യുവാവ് കമൻഡ് ചെയ്യുകയായിരുന്നു.
പോസ്റ്റിനെതിരേ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമുയർന്നതോടെ 24 മണിക്കൂറിനുള്ളിൽ വിഷ്ണു നന്ദകുമാറിനെ ബാങ്ക് അധികൃതർ ജോലിയിൽനിന്നുപുറത്താക്കുകയായിരുന്നു.