കാസർഗോഡ്: വിവാഹം ചെയ്യണമെന്നു വാശി പിടിച്ച യുവതിയെ കൊലപ്പെടുത്തി തെങ്ങിൻ തോപ്പിൽ കുഴിച്ചുമൂടിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) കോടതിയിൽ ആരംഭിച്ചു.
2014 സെപ്റ്റംബർ 12ന് തൃക്കരിപ്പൂർ ഒളവറ ഒളിയം കാവിലങ്ങാട് കോളനിയിലെ കണ്ണന്റെ മകൾ സി.രജനി (34) കൊല്ലപ്പെട്ട കേസിലാണ് വിചാരണ. നീലേശ്വരം കൊട്രച്ചാൽ സ്വദേശിയായ സതീഷ്(30), ചെറുവത്തൂർ മദർതെരേസ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വടകരയിലെ ബെന്നി (40) എന്നിവരാണ് കേസിലെ പ്രതികൾ. ഭാര്യയും രണ്ടു മക്കളുമുള്ള സതീഷിനൊപ്പം രജനി ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർട്ടേഴ്സിലായിരുന്നു താമസം.
ഇതിനിടെ തന്നെ വിവാഹം ചെയ്യണമെന്നു രജനി സതീഷിനോട് ആവശ്യപ്പെട്ടു. എന്നാൽ തനിക്കു താത്പര്യമില്ലെന്നു പറഞ്ഞ് സതീഷ് ഒഴിഞ്ഞുമാറുകയായിരുന്നു. രജനി വിവാഹകാര്യത്തിൽ നിർബന്ധം തുടർന്നതോടെ സതീഷ് പ്രകോപിതനാവുകയും യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
പിന്നീട് സതീഷ് ബെന്നിയുടെ സഹായത്തോടെ രജനിയുടെ മൃതദേഹം കണിച്ചിറയിൽ കുഴിച്ചുമൂടുകയും ചെയ്തുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മുഖ്യപ്രതി സതീശൻ കോടതിയിൽ കുറ്റം നിഷേധിച്ചതോടെ കേസിന്റെ വിചാരണ ജൂണ്‍ മാസത്തിലേക്കു മാറ്റി.