കോലാഹലമേട്ടില്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും. വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെ(26)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കഠിനതടവ് കൂടി അനുഭവിക്കേണ്ടി വരും. 2013 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം.
വിജീഷയുടെയും ഭര്‍ത്താവ് പ്രവീണിന്റെയും വിവാഹത്തിന് വിജീഷയുടെ വീട്ടുകാര്‍ എതിരായതിനാല്‍ വിവാഹം കഴിക്കാതെതന്നെ ഇരുവരും പ്രവീണിന്റെ വീട്ടില്‍ ജീവിച്ച് വരികയായിരുന്നു. 2013 ഒക്ടോബര്‍ 17ന് ആലപ്പുഴയില്‍ നടന്ന സമൂഹവിവാഹത്തില്‍ പങ്കെടുത്ത് വിവാഹിതരായി. ഗര്‍ഭിണിയാണെന്ന വിവരം മറച്ച് വച്ച് നിറവയറുമായാണ് വിജീഷ മണ്ഡപത്തില്‍ എത്തിയത്.
വിവാഹം കഴിഞ്ഞ് വൈകിട്ട് ആറുമണിയോടുകൂടി വീട്ടില്‍ എത്തിയ വിജീഷ കുളിമുറിയില്‍ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. പാവാടവള്ളിക്ക് കെട്ട് വീണെന്ന് പറഞ്ഞ് അത് മുറിക്കുന്നതിനായി പ്രവീണിന്റെ അമ്മയോട് കത്തി വാങ്ങി ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് വിജീഷ കുളിമുറിയില്‍ വീണ ശബ്ദം കേട്ട് എത്തിയ പ്രവീണിന്റെ അമ്മ വാതില്‍ തുറന്നശേഷം ഭര്‍ത്താവ് പ്രവീണിനെ വിവരം അറിയിച്ചു. ഉടനെ വിജീഷയെ ആശുപത്രിയില്‍ എത്തിച്ചു.
വിജീഷ ഗര്‍ഭിണിയാണെന്ന കാര്യം മറച്ച് വച്ചിരുന്നതിനാല്‍ പ്രസവിച്ച കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ പരിശോധിച്ച് വിജീഷ പ്രസവിച്ചിട്ടുണ്ടെന്നും കുട്ടിയെ കൊണ്ടുവന്നാല്‍ മാത്രമേ ചികിത്സിയ്ക്കുകയുള്ളുവെന്നും പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ കഴുത്തറത്ത നിലയില്‍ കുളിമുറിയില്‍ നിന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് വിജീഷയെ പോലീസ് അറസ്റ്റ് ചെയ്തു.
വിജീഷ ഗര്‍ഭിണിയായിരുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും വിവാഹം കഴിക്കാത്തതിനാല്‍ മാനക്കേട് ഓര്‍ത്ത് ഇക്കാര്യം പുറത്ത് അറിയിച്ചിരുന്നില്ലെന്നും വണ്ണം കൂടുതല്‍ ആയതിനാല്‍ ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പ്രവീണ്‍ കോടതിയില്‍ മൊഴി നല്‍കി.