പന്തളം: പന്തളം തെക്കേക്കരയിൽ കുടിവെള്ള പൈപ്പിൽ വൈദ്യുതി കടത്തിവിട്ട് വയോധിക ദന്പതികളെ അപായപ്പെടുത്താൻ ശ്രമിച്ചതായ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.. ഇടമാലി വാഴപ്പള്ളിൽ രാമചന്ദ്രക്കുറുപ്പ് (66), ഭാര്യ മണി (62) എന്നിവരെയാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായത്. വെള്ളിയാഴ്ച രാത്രി വൈദ്യുത ലൈനിൽ നിന്നും വയർ ഉപയോഗിച്ച് വീട്ടുമുറ്റത്തെ പൈപ്പിലൂടെ വൈദ്യുതി കടത്തിവിടുകയായിരുന്നു.
ശനിയാഴ്ച രാവിലെ പുറത്തിറങ്ങിയ വീട്ടുകാർ ടാപ്പിനുള്ളിൽ നിന്നും പുറത്തേക്ക് വയറിംഗിനുപയോഗിക്കുന്ന വയർ കാണുകയും ഇത് പോസ്റ്റിലെ വൈദ്യുതി ലൈനിൽ ബന്ധിപ്പിച്ചിരിക്കുന്നതു കണ്ടെത്തുകയുമായിരുന്നു. വിവരമറിയിച്ചതിനേത്തുടർന്ന് കൈപ്പട്ടൂരിൽ നിന്നും കഐസ്ഇബി ഉദ്യോഗസ്ഥരെത്തി ഇതു നീക്കം ചെയ്തു.
വീടിനോടു ചേർന്നുള്ള തൊഴുത്തിൽ സൂക്ഷിച്ചിരുന്ന ഏണിയാണ് അക്രമികൾ പോസ്റ്റിൽ കയറാൻ ഉപയോഗിച്ചത്. ഇത് അടുത്ത പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊടുമണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.അടൂർ ഡിവൈഎസ്പി ആർ.ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. മക്കൾ സംസ്ഥാനത്തിന് പുറത്തു ജോലിചെയ്യുന്നതിനാൽ രാമചന്ദ്രക്കുറുപ്പും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്.
നാട്ടിൽ തങ്ങൾക്ക് ശത്രുക്കൾ ആരുമില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു വർഷംമുന്പ് ബ്ലാക്ക്മാൻ ഭീതി പരത്തിയിരുന്ന സമയത്ത് അപരിചിതനെ രാത്രിയിൽ ഈ വീടിനു സമീപത്തുനിന്നു നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തിരുന്നു. അതിന്റെ പകയാകാം സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടായതിനാൽ അന്വേഷണം ശക്തമായി തുടരാനാണ് പോലീസ് തീരുമാനം.