ചാവക്കാട്: ബൈക്ക് കണ്ടെയ്നർ ലോറിക്കു പിന്നിലിടിച്ച് ബൈക്ക് യാത്രികനായ പ്രവാസി മരിച്ചു. വെളിയക്കോട് അയ്യോട്ടിചിറ പൊന്നാക്കാരൻ മുഹമ്മദിന്റെ മകൻ കുഞ്ഞിമുഹമ്മദാണ് (40) മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ദേശീയപാത 17 അകലാട് മൊയ്തീൻപള്ളിക്കു സമീപമാണ് അപകടം.വാഹനപരിശോധനയ്ക്കായി ഹൈവേ പോലീസ് കണ്ടെയ്നർ ലോറിക്ക് കൈകാണിച്ചപ്പോൾ ലോറി പെട്ടെന്ന് നിറുത്തിയതാണ് അപകടത്തിനു കാരണമെന്നു പറയപ്പെടുന്നു.
എന്നാൽ, പോലീസിനെ കണ്ട് ബൈക്ക് തിരിച്ചപ്പോൾ ലോറിയിൽ ഇടിച്ചതാണെന്നും പറയുന്നു.അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമുഹമ്മദിനെ ആശുപത്രിയിൽ എത്തിക്കാതെ സ്ഥലംവിട്ട ഹൈവേ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.രാത്രി 11നു ആരംഭിച്ച ഉപരോധം പുലർച്ചെ രണ്ടരവരെ തുടർന്നു.
നൂറുകണക്കിനു വാഹനങ്ങൾ കുടുങ്ങി. പത്ത് മിനിറ്റോലം റോഡിൽ കിടന്ന് കുഞ്ഞുമുഹമ്മദിനെ ആംബുലൻസ് എത്തിയാണ് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.അപകടത്തെ തുടർന്ന് ഹൈവേ പോലീസ് മുങ്ങിയത് അവർ മദ്യപിച്ചതുകൊണ്ടാണെന്നും ചികിത്സ വൈകിയതാണ് കുഞ്ഞുമുഹമ്മദ് മരിക്കാൻ കാരണമെന്നും ആരോപിച്ചാണ് നാട്ടുകാർ ദേശീയപാത ഉപരോധിച്ചത്. കുന്നംകുളം ഡിവൈഎസ്പി, ചാവക്കാട് സിഐ എന്നിവർ ഞായറാഴ്ച അവധിയിലായിരുന്നു.
വാടാനപ്പള്ളി എസ്ഐ, വടക്കേക്കാട് എസ്ഐ എന്നിവർ എത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് ഉപരോധം പിൻവലിച്ചത്.സംഭവം നടക്കുന്പോൾ സ്ഥലത്തുണ്ടായിരുന്ന പോലീസിനെ വൈദ്യപരിശോധനക്ക് വിധേയരാക്കണമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാമെന്നും ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ദേശീയപാതയിൽ കുറേസമയം സംഘർഷാവാസ്ഥയുണ്ടായിരുന്നു. പോലീസ് സന്നാഹവും എത്തിയിരുന്നു.
കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഹസീന എട്ടുമാസം ഗർഭിണിയാണ്. ഭാര്യയുടെ ആദ്യപ്രസവത്തിന്റെ ഭാഗമായി നാട്ടിൽവന്ന കുഞ്ഞുമുഹമ്മദ് താൽക്കാലികമായി മല്ലാട് ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ട്. രാത്രി ഹോട്ടൽ അടച്ച് വീട്ടിലേക്കു പോകുന്പോഴാണ് അപകടം.മാതാവ്: ഐഷുമ. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി വെളിയക്കോട്ടേക്ക് കൊണ്ടുപോകും.