സ്വന്തംലേഖകന്‍
കോഴിക്കോട്: മുദ്രപത്രങ്ങളുടെ മൂല്യം ഉയര്‍ത്തി (റീവാല്യുവേറ്റഡ്) സര്‍ക്കാര്‍ നടപടി സ്വീകരിച്ചെങ്കിലും ക്ഷാമത്തിനു അറുതിയായില്ല. മുദ്രപത്രക്ഷാമം പരിഹരിക്കുന്നതിനായി ട്രഷറികളില്‍ കെട്ടിക്കിടക്കുന്ന ഒന്നു മുതല്‍ 10 രൂപ വരെയുള്ള മുദ്രപത്രങ്ങളുടെ മൂല്യം ഉയര്‍ത്തിയെങ്കിലും ഇപ്പോഴും കടുത്തക്ഷാമമാണ് അനുഭവപ്പെടുന്നത്. നിലവിലുള്ള ഒന്ന്, രണ്ട്, അഞ്ച് രൂപയുടെ മുദ്രപത്രങ്ങള്‍ 50 രൂപയുടേതിന് സമാനമായാണ് മുദ്രവച്ചുനല്കുന്നത്. ഏഴ്, പത്ത് രൂപയുടെ മുദ്രപത്രങ്ങള്‍ 100 രൂപയുടേതിന് തുല്യമാക്കിയും നല്‍കുന്നുണ്ട്.
സ്റ്റാമ്പ് ഡെപ്യൂട്ടി ഓഫീസര്‍മാരാണു മുദ്രപത്രങ്ങളുടെ മൂല്യമുയര്‍ത്തി സീല്‍ ചെയ്തു പുറത്തിറിക്കുന്നത്. ക്ഷാമം കാരണം ജില്ല ട്രഷറി ഓഫിസര്‍മാര്‍ , സബ് ട്രഷറി ഓഫിസര്‍മാര്‍ , ഡെപ്യൂട്ടി ഡയറക്ടര്‍ സീനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടി സ്റ്റാമ്പ് ഓഫിസര്‍മാരുടെ ചുമതല നല്‍കിയിട്ടുണ്ട്. എന്നിട്ടും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
നാസിക്കില്‍ നിന്ന് അടുത്തമാസം മുദ്രപത്രം എത്തിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മുദ്രപത്രങ്ങളുടെ ക്ഷാമം പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ടു കൊച്ചി നഗരസഭാകൗണ്സിലര് തമ്പി സുബ്രഹ്മണ്യം നല്കിയ ഹര്‍ജിയിലാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി അടുത്തെങ്ങും നീങ്ങാനിടയില്ലെന്നാണ് ട്രഷറിവൃത്തങ്ങൾ നൽകുന്ന സൂചന. നാസിക്കിൽനിന്ന് അടുത്തമാസം യഥേഷ്ടം മുദ്രപത്രം എത്തിക്കുമെന്ന സർക്കാർ നിലപാട് ഹൈക്കോടതി നടപടികളെ മറികടക്കാനുള്ള സർക്കാരിന്റെ അടവാണെന്ന് ട്രഷറി ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
കോഴിക്കോട് ജില്ലയില്‍ മാത്രം ഒരു ദിവസം 9000 മുദ്രപത്രങ്ങളാണ് ഇപ്രകാരം ഒപ്പുവയ്ക്കുന്നതെന്നു കോഴിക്കോട് ജില്ലാ ട്രഷറി സൂപ്രണ്ട് ടി. അബ്ദുള്‍റഷീദ് “രാഷ്ട്രദീപിക’യോടു പറഞ്ഞു. ഓരോ ഉദ്യോഗസ്ഥനും ഒരു ദിവസം 3000 മുദ്രപത്രങ്ങളാണ് റീവാല്യുവേറ്റഡ് ചെയ്യുന്നത്.
രാവിലെ മുതല്‍ ഏറെ വൈകിവരെ ഇത്തരത്തില്‍ മുദ്രപത്രങ്ങള്‍ ഒപ്പുവയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീല്ചെയ്യുന്നതിനായി ട്രഷറിയിലെ മറ്റുദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം ഒരു മാസം 50 രൂപയുടെ 6,59,704 മുദ്രപത്രങ്ങളാണു ആവശ്യമായുള്ളത്. 12,64,251 എണ്ണം 100 രൂപയുടെ മുദ്രപത്രങ്ങളും ആവശ്യമായി വരുന്നുണ്ട്.
അതേസമയം, ട്രഷറികളില്‍ ആകെ 2,37,419 എണ്ണം 50 രൂപയുടെ മുദ്രപത്രങ്ങളാണുള്ളത്. 100 രൂപയുടേത് 1,82,549 എണ്ണവുമാണുള്ളത്. ഈ സാഹചര്യത്തിലാണ് മുദ്രപത്രങ്ങളുടെ മൂല്യമുയര്‍ത്താന്‍ തീരുമാനിച്ചത്. ഒരു രൂപമുതല്‍ അഞ്ചു രൂപവരെ മൂല്യമുള്ള 32 ലക്ഷം മുദ്രപത്രങ്ങള്‍ ട്രഷറിയില്‍ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍.
ഏഴു രൂപ മുതല്‍ 10 രൂപ വരെ മൂല്യമുള്ള 64 ലക്ഷം മുദ്രപത്രങ്ങളും ട്രഷറികളിലും സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയിലും സ്റ്റോക്കുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ മാസം 22 ന് നിയമസഭയെ അറിയിച്ചത്. രജിസ്ട്രേഷന് ആവശ്യങ്ങള്‍ക്കു കൂടുതലായും ഉപയോഗിക്കുന്ന അടിസ്ഥാനവിലയുള്ള 50 രൂപയുടെയും 100 രൂപയുടെയും മുദ്രപത്രങ്ങളാണ്.
ജനനം, വിവാഹം, മരണം, വാടകക്കരാര്‍ എന്നിവയടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കു 50, 100 രൂപയുടെ മുദ്രപത്രങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇവയുടെ ലഭ്യത കുറവ് കാരണം 500 രൂപയുടെ മുദ്രപത്രങ്ങളാണ് ആവശ്യക്കാരുപയോഗിക്കുന്നത്.