ബംഗളൂരു: സഞ്ജു വി. സാംസന്റെ വെടിക്കെട്ട് ബാറ്റിംഗിന് മറുപടി നല്‍കാനുള്ള വിരാട് കോഹ്ലിയുടെ ശ്രമം വിഫലമായി. രാജസ്ഥാൻ റോയൽസ് – റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ പോരാട്ടത്തെ ഇങ്ങനെയും വിശേഷിപ്പിക്കാം. കാരണം, ടോസ് നേടി കോഹ്ലി ബൗളിംഗ് തെരഞ്ഞെടുത്തപ്പോൾ സഞ്ജുവിന്റെ സെഞ്ചുറിയോളംപോന്ന ഇന്നിംഗ്സ് സ്വപ്നത്തിൽപോലും കണ്ടുകാണില്ല.
45 പന്തിൽ പത്ത് സിക്സും രണ്ട് ഫോറും അടക്കം 92 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന സഞ്ജുവിന്റെ മികവിൽ രാജസ്ഥാൻ 19 റണ്‍സിനു ജയിച്ചു. മാൻ ഓഫ് ദ മാച്ചായ സഞ്ജുവിന്റെ തോളിലേറി 20 ഓവറിൽ രാജസ്ഥാൻ നേടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 217 റണ്‍സ്. 30 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 57 റണ്‍സ് എടുത്ത കോഹ് ലിയുടെ റോയൽ ചലഞ്ചേഴ്സിന്റെ പോരാട്ടം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 198ൽ അവസാനിച്ചു.
പത്ത് തവണ സഞ്ജുവിന്റെ ബാറ്റിൽനിന്ന് പന്ത് നിലംതൊടാതെ ഗാലറിയിൽ എത്തിയ മത്സരത്തിൽ മലയാളിതാരത്തിന്റെ സ്ട്രൈക്ക് റേറ്റ് 204.44 ആയിരുന്നു. സഞ്ജുവിനൊപ്പം അജിങ്ക്യ രഹാനെ (20 പന്തിൽ 36 റണ്‍സ്), ബെൻ സ്റ്റോക്സ് (21 പന്തിൽ 27 റണ്‍സ്), ജോസ് ബട്ട്ലർ (14 പന്തിൽ 23 റണ്‍സ്), രാഹുൽ തൃപാഠി (അഞ്ച് പന്തിൽ 14 നോട്ടൗട്ട്) എന്നിവരും മികച്ചു നിന്നു.
കോഹ്ലിക്കൊപ്പം ഡികോക്ക് (19 പന്തിൽ 26 റണ്‍സ്), മൻദീപ് സിംഗ് (25 പന്തിൽ 47 നോട്ടൗട്ട്), വാഷിംഗ്ടണ്‍ സുന്ദർ (19 പന്തിൽ 35 റണ്‍സ്) എന്നിവർ പോരാടി. എബി ഡിവില്യേഴ്സ് 18 പന്തിൽ 20 റണ്‍സ് എടുത്തു.